എഡ്മിന്റൻ : ആൽബർട്ടയിൽ അധ്യാപകരും സർക്കാരും തമ്മിലുള്ള തർക്കം തുടരവേ, അധ്യാപകരുടെ വലിയ ആവശ്യങ്ങൾ’ അംഗീകരിക്കില്ലെന്ന് ആൽബർട്ട സർക്കാർ. അധ്യാപകരുടെ ആവശ്യങ്ങൾ വലുതാണെന്നും, അത് സർക്കാർ നീക്കിവെച്ച തുകയേക്കാൾ 200 കോടി ഡോളർ അധികം വരുമെന്നും ആൽബർട്ട ധനകാര്യ മന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. നാല് വർഷത്തേക്ക് 260 കോടി ഡോളറാണ് ശമ്പള വർധനയ്ക്കായി സർക്കാർ നീക്കിവെച്ചിട്ടുള്ള പരമാവധി തുകയെന്നും, ശമ്പള വർധനയിൽ ഇനി മാറ്റം വരുത്താൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ഒക്ടോബർ 27 ന് നിയമസഭ സമ്മേളനം ആരംഭിക്കുമ്പോഴും തുടരുകയാണെങ്കിൽ, പ്രശ്നം പരിഹരിക്കാൻ ‘തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നിയമ നിർമാണം’ (back-to-work legislation) പരിഗണിക്കുമെന്നും ഹോർണർ സൂചന നൽകി. എന്നാൽ പ്രതിപക്ഷം ഈ നീക്കത്തെ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ അമിതമല്ലെന്നും, ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുക, മെച്ചപ്പെട്ട ശമ്പളം എന്നിവ തങ്ങളുടെ നിർദ്ദേശത്തിൽ ഉൾപ്പെടുന്നുണ്ടെന്നും ATA പ്രസിഡന്റ് ജേസൺ ഷില്ലിങ് അറിയിച്ചു. കഴിഞ്ഞ മാസം അധ്യാപകർ വോട്ടിനിട്ട് തള്ളിയ സർക്കാർ വാഗ്ദാനം, നാല് വർഷത്തിനിടെ 12% ശമ്പള വർധനയും 3,000 അധ്യാപകരെ അധികമായി നിയമിക്കാമെന്ന നിർദ്ദേശവുമാണ്. ഒക്ടോബർ 6 ന് സമരം ആരംഭിച്ചതിന് ശേഷം ചൊവ്വാഴ്ച അധ്യാപക യൂണിയനായ ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA) പുതിയ കരാർ നിർദ്ദേശം സമർപ്പിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടു. പ്രവിശ്യയിലെ 2,500 സ്കൂളുകളിലായി 7.4 ലക്ഷം വിദ്യാർത്ഥികളെയാണ് അധ്യാപക സമരം ബാധിച്ചത്.