എഡ്മിന്‍റൻ :ആൽബർട്ടയിൽ അധ്യാപകരും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നു. അധ്യാപകർ അടുത്ത ആഴ്ച ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ ഭീഷണിപ്പെടുത്തിയതായി ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) ആരോപിച്ചു.

ഒക്ടോബർ 20 തിങ്കളാഴ്ച അധ്യാപകരോട് ക്ലാസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പ്രവിശ്യാ സർക്കാർ വ്യാഴാഴ്ച എടിഎയ്ക്ക് ഒരു കത്ത് അയച്ചതായി ATA പ്രസിഡന്റ് ജേസൺ ഷില്ലിങ് പറഞ്ഞു. പണിമുടക്ക് ഒത്തുതീർപ്പാക്കുന്നതിനായി മുടങ്ങിക്കിടക്കുന്ന കരാർ ചർച്ചകൾ പുനഃരാരംഭിക്കാനുള്ള ഓഫർ പ്രവിശ്യ മുന്നോട്ട് വച്ചതായും, എന്നാൽ യൂണിയൻ അത് നിരസിച്ചതായും ഷില്ലിങ് വ്യക്തമാക്കി. അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ അമിതമല്ലെന്നും, ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുക, മെച്ചപ്പെട്ട ശമ്പളം എന്നിവ തങ്ങളുടെ നിർദ്ദേശത്തിൽ ഉൾപ്പെടുന്നുണ്ടെന്നും ഷില്ലിങ് പറയുന്നു. ഒക്ടോബർ 6 ന് സമരം ആരംഭിച്ചതിന് ശേഷം ചൊവ്വാഴ്ച ATA പുതിയ കരാർ നിർദ്ദേശം സമർപ്പിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടു. പ്രവിശ്യയിലെ 2,500 സ്കൂളുകളിലായി 7.4 ലക്ഷം വിദ്യാർത്ഥികളെയാണ് അധ്യാപക സമരം ബാധിച്ചത്.