ടൊറന്റോ: ഈ വാരാന്ത്യം മുതൽ നഗരത്തിലെ പബ്ലിക് ലൈബ്രറിയുടെ 100 ശാഖകളും ഞായറാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് ടൊറന്റോ മേയർ ഒലിവിയ ചൗ അറിയിച്ചു. എല്ലാ ശാഖകളും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെ തുറന്നിരിക്കുമെന്ന് ഒലിവിയ ചൗ പറഞ്ഞു.

ലൈബ്രറികൾ സമൂഹത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അവ സൗജന്യമായി എല്ലാ ദിവസവും എല്ലാവർക്കും ലഭ്യമാകണമെന്ന് ഒലിവിയ ചൗ വ്യക്തമാക്കി. 2026 ജൂലൈ മാസത്തോടെ എല്ലാ ശാഖകളും വർഷം മുഴുവനും തുറന്നിരിക്കുക എന്ന ലക്ഷ്യത്തോടെ, ലൈബ്രറി സേവനം വിപുലീകരിക്കാനുള്ള തന്റെ പദ്ധതി 2024 ഒക്ടോബറിൽ മേയർ വെളിപ്പെടുത്തിയിരുന്നു. ആ സമയത്ത്, പ്രവർത്തന സമയം വർധിപ്പിക്കുന്നതിന് 80 ലക്ഷം ഡോളർ അധിക ചിലവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം നഗരത്തിൽ ലൈബ്രറി ഉപയോഗത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി. 44 ശതമാനം വർധന രേഖപ്പെടുത്തിയതായും ടൊറന്റോയിലെ ഓരോ 10 നിവാസികളിൽ 8 പേരും ലൈബ്രറി ഉപയോഗിക്കുന്നതായും ഒലിവിയ ചൗ പറഞ്ഞു.