ടൊറൻ്റോ : ലിസ്റ്റീരിയ അണുബാധയെ തുടർന്ന് റോക്ക്ഫോർട്ട് ചീസ് തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ഒൻ്റാരിയോയിലും കെബെക്കിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 100 ഗ്രാം പാക്കേജിൽ വിറ്റഴിച്ച മൈസൺ ഗബ്രിയേൽ കൂലെ റോക്ക്ഫോർട്ട് – ലാ കേവ് ചീസ് ആണ് തിരിച്ചുവിളിച്ചത്. ചീസ് കഴിച്ചതുമൂലം ഇതുവരെ അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭക്ഷ്യ സുരക്ഷാ അന്വേഷണം തുടരുകയാണെന്നും മറ്റ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ ഇടയാക്കുമെന്നും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു.

ലിസ്റ്റീരിയ ബാക്ടീരിയ കലർന്ന ഭക്ഷണം കേടായി കാണപ്പെടുകയോ ചീത്ത മണം ഉണ്ടായിരിക്കുകയോ ഇല്ല. പക്ഷേ ഗുരുതരമായ രോഗങ്ങൾക്ക് ഇത് കാരണമാകും. ഛർദ്ദി, ഓക്കാനം, നിരന്തരമായ പനി, പേശിവേദന, കടുത്ത തലവേദന തുടങ്ങിയവയാണ് ലിസ്റ്റീരിയ ബാക്ടീരിയ കലർന്ന ഭക്ഷണം കഴിച്ച് അസുഖബാധിതരാകുന്നതിലുള്ള ലക്ഷണങ്ങൾ. റോക്ക്ഫോർട്ട് ചീസ് കഴിച്ചിട്ടുള്ളവർ അടുത്ത 70 ദിവസത്തേക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.