എഡ്മിന്‍റൻ : ദീപാവലി അടക്കമുള്ള ആഘോഷങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിൽ നഗരത്തിൽ പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി എഡ്മിന്‍റൻ സിറ്റി. നഗര പരിധിക്കുള്ളിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് എഡ്മിന്‍റൻ ഫയർ റെസ്ക്യൂ സർവീസസ് മുന്നറിയിപ്പ് നൽകി. സിറ്റി കൗൺസിൽ നിയമങ്ങൾ അനുസരിച്ച്, സർക്കാർ അംഗീകൃത പെർമിറ്റുള്ളവർക്ക് മാത്രമേ നഗര പരിധിക്കുള്ളിൽ എവിടെയും പടക്കം ഉപയോഗിക്കാൻ അനുവാദമുള്ളൂ.

പെർമിറ്റില്ലാതെ പടക്കം പൊട്ടിക്കുന്നത് നിയമവിരുദ്ധമാണ്. സുരക്ഷിതമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തീപിടുത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണം നടപ്പിലാക്കുന്നതെന്നും സിറ്റി അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് 10,000 ഡോളർ വരെ പിഴ ചുമത്തും. കഴിഞ്ഞ വർഷം ഒക്ടോബറിനും ഡിസംബറിനും ഇടയിൽ അനധികൃതമായി പടക്കം പൊട്ടിച്ചതിന് 127 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏകദേശം 6,000 ഡോളറിലധികം പിഴയും ഈടാക്കി.
