ന്യൂഡല്‍ഹി: ആഗോള വ്യോമസേനാ ശേഷി റാങ്കിങ്ങില്‍ ഇന്ത്യ ചൈനയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റ് (WDMMA) പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിലാണ് യുഎസിനും റഷ്യക്കും പിന്നിലായി ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലോകത്തെ 103 രാജ്യങ്ങളിലെ കരസേന, നാവികസേന, മറൈന്‍ ഏവിയേഷന്‍ ശാഖകള്‍ ഉള്‍പ്പെടെയുള്ള 129 വ്യോമസേവനങ്ങളെ പരിഗണിച്ചാണ് റാങ്കിങ് തയ്യാറാക്കിയത്. ഒരു രാജ്യത്തിന്റെ വ്യോമശേഷി നിര്‍ണയിക്കാന്‍, ആധുനികവല്‍ക്കരണം, ലോജിസ്റ്റിക്കല്‍ പിന്തുണ, ആക്രമണ-പ്രതിരോധ ശേഷി എന്നിവ അടിസ്ഥാനമാക്കിയുള്ള ‘ട്രൂവാല്‍ റേറ്റിങ് ഫോര്‍മുല’ (TVR) ആണ് WDMMA ഉപയോഗിക്കുന്നത്.

പുതിയ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ട്രൂവാല്‍ റേറ്റിങ് അമേരിക്കന്‍ വ്യോമസേനയ്ക്കാണ് (USAF), 242.9. റഷ്യ (114.2) രണ്ടാം സ്ഥാനത്തും ഇന്ത്യ (69.4) മൂന്നാം സ്ഥാനത്തും എത്തി. ചൈനയുടെ ട്രൂവാല്‍ റേറ്റിങ് 63.8 ആണ്. മറ്റ് പ്രമുഖ രാജ്യങ്ങളുടെ റേറ്റിങ്ങുകള്‍ ഇപ്രകാരമാണ്: ജപ്പാന്‍ (58.1), ഇസ്രായേല്‍ (56.3), ഫ്രാന്‍സ് (55.3), യുണൈറ്റഡ് കിംഗ്ഡം (55.3).
രാജ്യങ്ങളുടെ മൊത്തം വ്യോമശേഷിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍, ലോകത്തിലെ മികച്ച വ്യോമസേവനങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് ആറാം സ്ഥാനത്ത് തുടരുന്നു. അമേരിക്കന്‍ വ്യോമസേന, അമേരിക്കന്‍ നാവികസേന, റഷ്യന്‍ വ്യോമസേന, അമേരിക്കന്‍ കരസേന, യുഎസ് മറൈന്‍സ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
റാങ്കിങ്ങില്‍ ചൈനീസ് വ്യോമസേന ഏഴാം സ്ഥാനത്തും ജാപ്പനീസ് വ്യോമസേന എട്ടാം സ്ഥാനത്തും ഇസ്രയേലി വ്യോമസേന ഒമ്പതാം സ്ഥാനത്തും ഫ്രഞ്ച് വ്യോമസേന പത്താം സ്ഥാനത്തുമാണ്.