മപൂറ്റൊ: ക്രൂ മാറ്റത്തിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യൻ നാവികരെ കാണാതായതായി റിപ്പോർട്ട്. മൊസാംബീക്കിലെ ബേറ തുറമുഖത്തിന് സമീപത്താണ് സംഭവം. എം.ടി.സി ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലേക്കുള്ള ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ബോട്ടിലുണ്ടായിരുന്ന 12 ഇന്ത്യൻ നാവികരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി, രണ്ടുപേരെ അബോധാവസ്ഥയിൽ കണ്ടെത്തിയതായാണ് വിവരം. ഇലക്ട്രോ-ടെക്‌നിക്കൽ ഒഫീസർ ശ്രീരാഗ് രാധാകൃഷ്ണൻ, ബോസൻ തരകേശ്വര റാവു, ഏബിൾ സീമാൻ സൈലേഷ്‌കുമാർ സോളങ്കി, ഏബിൾ സീമാൻ മുബീൻ കോരുഹാജിഗെ അതിരിഗെ, ചീഫ് കുക്ക് നന്ദൻ സിങ് എന്നിവരെയാണ് കാണാതായത്.

സെക്കൻഡ് ഒഫീസർ അങ്കിത് കുമാർ, തേർഡ് ഒഫീസർ ശ്രീരാഗ് തയ്യിൽ പുറപ്പൊടി, പമ്പ്മാൻ സുനിൽകുമാർ ടാൻഡേൽ, ഓയ്ലർ അസിം മുക്കാടം, ഏബിൾ സീമാൻ നരേന്ദ്ര ബെഹറ എന്നിവർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. സ്‌കോർപ്പിയോ മറീൻ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് ജീവനക്കാരെ കപ്പലിലേക്കെത്തിച്ചത്. ബോട്ട് അപ്രതീക്ഷിതമായി മറിഞ്ഞതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഇന്ത്യയുമായി പങ്കുവെക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ മാർഷൽ ദ്വീപുകളിലെ മാരിറ്റൈം അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.