ഓട്ടവ: മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെട്ട അഴിമതികേസ് ആർസിഎംപി മറച്ചുവെച്ചതായി കൺസർവേറ്റീവ് നേതാവ് പിയർ പൊളിയേവ്. ജസ്റ്റിൻ ട്രൂഡോ ഉൾപ്പെട്ട എസ്എൻസി-ലവാലിൻ ആഗാ ഖാൻ അഴിമതികേസിലെ ക്രിമിനൽ കുറ്റങ്ങൾ ആർസിഎംപി മറച്ചുവെച്ചുവെന്നാണ് ആരോപണം. എസ്എൻസി–ലവാലിൻ കേസിലും 2016-ലെ ആഗാ ഖാൻ വിവാദത്തിലും ട്രൂഡോ ക്രിമിനൽ കോഡ് ലംഘിച്ചതായും പൊളിയേവ് ചൂണ്ടിക്കാട്ടി. ഈ കേസുകൾ സാധാരണയായി ക്രിമിനൽ കുറ്റങ്ങളിലേക്ക് നയിക്കേണ്ടതായിരുന്നു എന്നും ആർസിഎംപിയുടെ നേതൃത്വം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ തുടർന്ന് രാഷ്ട്രീയ ഇടപെടലൊന്നുമുണ്ടായിട്ടില്ലെന്നും ആർസിഎംപി സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്നും പൊളിയേവ് നടത്തിയ ആരോപണങ്ങൾക്കെതിരെ ആർസിഎംപി കമ്മീഷണർ മൈക്ക് ഡുഹീം പ്രതികരിച്ചിട്ടുണ്ട്. പൊളിയേവ് നേരിട്ട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരി പൊളിയേവന്റെ പരാമർശങ്ങൾ അത്യന്തം നിരുത്തരവാദ്യപരമാണെന്ന് വിമർശിച്ചു. തെളിവില്ലാതെ ദേശീയ പോലീസ് സേനയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നത് നിയമ നിർവ്വഹണത്തിന് നേരെയുള്ള ആക്രമണമാണ് എന്നും കാനഡക്കാർക്ക് ആർസിഎംപിയിൽ പൂർണ്ണ വിശ്വാസം അർപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.