ആഗോള ബ്രാന്‍ഡ് മൂല്യത്തില്‍ സാംസങ് ഇലക്ട്രോണിക്സ് അഞ്ചാം സ്ഥാനത്ത്. ഇന്റര്‍ബ്രാന്‍ഡിന്റെ പട്ടികയില്‍ ‘തുടര്‍ച്ചയായ ആറാം വര്‍ഷമാണ് കൊറിയന്‍ കമ്പനി ഈ സ്ഥാനം നിലനിര്‍ത്തുന്നത്. ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ ഏറ്റവും മികച്ച ഏഷ്യന്‍ കമ്പനി എന്ന സ്ഥാനവും സാംസങ് നിലനിര്‍ത്തി.
സാമ്പത്തിക പ്രകടനം, ഉപഭോക്തൃ വാങ്ങല്‍ തീരുമാനങ്ങളില്‍ ബ്രാന്‍ഡുകളുടെ സ്വാധീനം, മൊത്തത്തിലുള്ള ബ്രാന്‍ഡ് മത്സരക്ഷമത എന്നിവ വിശകലനം ചെയ്തുകൊണ്ടാണ് ‘ഇന്റര്‍ബ്രാന്‍ഡ്’ ഓരോ വര്‍ഷവും കോര്‍പ്പറേറ്റ് ബ്രാന്‍ഡ് മൂല്യം വിലയിരുത്തുന്നത്.

കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം 90.5 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. 2020 മുതല്‍, ആഗോളതലത്തില്‍ മികച്ച അഞ്ച് ബ്രാന്‍ഡുകളില്‍ ഉള്‍പ്പെട്ട ഏക ഏഷ്യന്‍ കമ്പനിയായി സാംസങ് തുടരുന്നു.
ആഗോളതലത്തില്‍ ആപ്പിള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍ എന്നിവയാണ് തൊട്ടുപിന്നില്‍. ജാപ്പനീസ് കമ്പനികളില്‍ ടൊയോട്ട ആറാം സ്ഥാനത്തും സോണി 34-ാം സ്ഥാനത്തും എത്തി. മുന്‍നിര എഐ സെമികണ്ടക്ടര്‍ കമ്പനിയായ എന്‍വിഡിയ ഈ വര്‍ഷം 15-ാം സ്ഥാനത്തെത്തി.