ടൊറന്റോ: 2026 ഫിഫ ലോകകപ്പ് സമയത്ത് പകർച്ചവ്യാധികളുടെ വ്യാപനം വേഗത്തിൽ കണ്ടെത്തുന്നതിനായി മലിന ജല നിരീക്ഷണ പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതായി ടൊറന്റോ പബ്ലിക് ഹെൽത്ത്. സന്ദർശകരുടെ വലിയ ഗ്രൂപ്പുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മലിനജല സാമ്പിളുകൾ ശേഖരിച്ച് COVID-19, ഇൻഫ്ലുവൻസ, ആർഎസ്‌വി തുടങ്ങിയ അണുബാധകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ടൊറന്റോ മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. മിഷേൽ മൂർത്തി പറഞ്ഞു.

അടുത്ത വേനൽക്കാലത്ത് അന്താരാഷ്ട്ര തലത്തിൽ വലിയ തോതിൽ ആളുകൾ എത്തുന്നതിനാൽ, അഞ്ചാംപനി പോലുള്ള മറ്റ് രോഗങ്ങളെയും മലിനജലത്തിൽ നിരീക്ഷിക്കാൻ കഴിയുമോ എന്ന് പൊതുജനാരോഗ്യ വിഭാഗം പരിശോധിക്കുന്നുണ്ടെന്നും മൂർത്തി വ്യക്തമാക്കി. വിശാലമായ പൊതുജനാരോഗ്യ തന്ത്രത്തിന്റെ ഒരു ഭാഗമായിരിക്കും പൈലറ്റ് പദ്ധതിയെന്നും ഭാവിയിലെ പരിപാടികൾക്ക് മലിനജല നിരീക്ഷണത്തിന്റെ മൂല്യം വിലയിരുത്താൻ സിറ്റിയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂണിൽ ആരംഭിക്കുന്ന ആറ് ലോകകപ്പ് മത്സരങ്ങൾക്കായി 300,000 അന്താരാഷ്ട്ര സന്ദർശകരെ പ്രതീക്ഷിക്കുന്നതായി സിറ്റി അറിയിച്ചു.