ഓട്ടവ: വരാനിരിക്കുന്ന ശരത്കാല ബജറ്റിൽ 1,000 കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഓഫീസർമാരെ നിയമിക്കുന്നതിനായി ധനസഹായം പ്രഖ്യാപിക്കുമെന്ന് ഫെഡറൽ സർക്കാർ. നവംബർ 4 ന് ബജറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഈ ധനസഹായം, അതിർത്തി കടന്നുള്ള മയക്കുമരുന്ന്, നിയമവിരുദ്ധ തോക്കുകൾ, മോഷ്ടിച്ച വാഹനങ്ങൾ എന്നിവ കടത്തുന്നത് തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ്.

രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി സിബിഎസ്എയുടെ ആഴ്ചതോറുമുള്ള റിക്രൂട്ട്മെന്റ് സ്റ്റൈപ്പൻഡ് 125 ഡോളറിൽ നിന്ന് 525 ഡോളറായി ഉയർത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ, പ്രായം കണക്കിലെടുക്കാതെ, 25 വർഷത്തെ സേവനത്തിന് ശേഷം പൂർണ്ണ ആനുകൂല്യങ്ങളോടെ വിരമിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. അതേസമയം 1,000 റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയമിക്കാൻ ഫെഡറൽ സർക്കാർ പദ്ധതിയിടുന്നതായും പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.