വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ഒട്ടകപ്പക്ഷി ഫാമിൽ, അവശേഷിക്കുന്ന പക്ഷികളെ കൂട്ടത്തോടെ കൊല്ലാനുള്ള സർക്കാർ ഉത്തരവിനെച്ചൊല്ലിയുള്ള നിയമയുദ്ധത്തിനിടയിൽ സംഘർഷം തുടരുന്നു. സുപ്രീം കോടതി വിധി വരാൻ ഇനിയും ആഴ്ചകൾ ഇരിക്കെ ക്വാറന്റൈൻ പരിധി ലംഘിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി RCMP അറിയിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജിം കെർ ആണ് അറസ്റ്റിലായത്. ഫെഡറൽ ഏജന്റുമാരെ തടസ്സപ്പെടുത്തിയതിന് ഹെൽത്ത് ഓഫ് ആനിമൽസ് ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. ഫാമിന്റെ ഉടമകളും സിഎഫ്‌ഐഎയും തമ്മിലുള്ള മാസങ്ങളായി തുടരുന്ന തർക്കത്തിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഈ അറസ്റ്റ്. ഫാമിൽ നടക്കുന്ന ആദ്യത്തെ അറസ്റ്റല്ല ഇത്. സെപ്റ്റംബർ 23 ന്, CFIA ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിന് മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

2024 ഡിസംബറിൽ, പക്ഷിപ്പനി ബാധിച്ച് 69 പക്ഷികൾ ചത്തതിനെത്തുടർന്ന് ഫാമിൽ ബാക്കിയുള്ള 400 പക്ഷികളെ കൊല്ലാൻ CFIA ഉത്തരവിട്ടിരുന്നു. എന്നാൽ, പക്ഷികൾക്ക് ഇപ്പോൾ രോഗമില്ലെന്നും അവയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഫാം ഉടമകൾ വിവിധ കോടതികളിൽ നിയമപോരാട്ടം നടത്തി. തുടർന്ന് കാനഡയിലെ സുപ്രീം കോടതി മൃഗങ്ങളെ കൊല്ലുന്നതിന് താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ചു.
