ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുളള വ്യാപാരക്കമ്മി റെക്കോര്‍ഡ് ഉയരിലെത്തിയതായി റിപ്പോര്‍ട്ട്. പല സെക്ടറുകളിലും ചൈനയുടെ സാമ്പത്തിക ആധിപത്യം പ്രകടമാണ്. ഇന്ത്യയ്ക്ക് ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതാണ് കാരണം. ഇന്ത്യയിലേക്ക് ഏറ്റവുമധികം ഇറക്കുമതി നടത്തുന്ന രാജ്യവും ചൈന തന്നെ.
2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോഴാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ഇറക്കുമതി നടത്തിയ രാജ്യമായി ചൈന മാറിയത്. ഇക്കാലയളവില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 54.4 ബില്യണ്‍ ഡോളറുകളിലെത്തി. ഇലക്ട്രോണിക്‌സ്, മെഷിനറി, സില്‍വര്‍ തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി വര്‍ധിച്ചതാണ് വ്യാപാരക്കമ്മി ഉയരാനും കാരണായി മാറിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) ഇന്ത്യയിലേക്ക് വലിയ തോതിലുള്ള കയറ്റുമതിയാണ് ചൈനയില്‍ നിന്ന് ഉണ്ടായത്. ഇക്കാലയളവില്‍ ഇന്ത്യ 62.89 ബില്യണ്‍ ഡോളറുകളുടെ ഇറക്കുമതിയാണ് നടത്തിയത്. തൊട്ടു മുമ്പത്തെ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 11.2% വര്‍ധനയാണുണ്ടായത്. 2025 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 55.4 ബില്യണ്‍ ഡോളറുകളായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 49.6 ബില്യണ്‍ ഡോളറുകളായിരുന്നു.
ഇന്ത്യയിലേക്ക് കൂടുതല്‍ ഇറക്കുമതി നടത്തിയ രാജ്യങ്ങളില്‍ യു.എ.ഇയാണ് രണ്ടാം സ്ഥാനത്തുള്ളത് 33.03 ബില്യണ്‍ ഡോളറുകളുടെ ഇറക്കുമതിയാണ് ഈ രാജ്യത്ത് നിന്നുണ്ടായത്. തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് യു.എ.ഇയില്‍ നിന്നുള്ള ഷിപ്‌മെന്റ് 13.2% ഉയര്‍ന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറാണ് ഇറക്കുമതി ഉയരാന്‍ കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലേക്ക് ഇക്കാലയളവില്‍ കൂടുതല്‍ ഇറക്കുമതി നടത്തിയ രാജ്യങ്ങളില്‍ റഷ്യ മൂന്നാമതാണ്. 31.12 ബില്യണ്‍ ഡോളറിന്റെ ഇംപോര്‍ട്ടാണ് നടന്നത്. ഇത് തൊട്ടുമുമ്പത്തെ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 7.4% താഴ്ച്ചയാണ്.
