ന്യൂഡൽഹി: ഫിൻടെക് കമ്പനിയായ ഭാരത്പേ ചീഫ് ടെക്നോളജി ഓഫീസറായി (സി.ടി.ഒ) അജിത് കുമാറിനെ നിയമിച്ചു. ഈ വർഷം മെയ് മാസത്തിൽ സ്ഥാനമൊഴിഞ്ഞ പങ്കജ് ഗോയലിൻ്റെ പിൻഗാമിയായാണ് അജിത് കുമാറിൻ്റെ നിയമനം. സാങ്കേതിക മേഖലയിൽ 19 വർഷത്തിലേറെ പരിചയസമ്പത്തുള്ള അജിത് കുമാർ പേടിഎം എഞ്ചിനീയറിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായിരുന്നു.

ഭാരത്പേയുടെ സാങ്കേതിക വൈദഗ്‌ദ്ധ്യത്തെയും നൂതന ആശയങ്ങളെയും അജിത് കുമാർ ഇനി മുന്നോട്ടു നയിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. സ്കെയിലബിൾ ഫിൻടെക് പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണ മേഖലയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളും യുപിഐ ഇൻഫ്രാസ്ട്രക്ചറിനെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ഭാരത് പേയെ നവീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിർണായകമാകുമെന്ന് സി.ഇ.ഒ നളിൻ നേഗി പ്രത്യാശ പ്രകടിപ്പിച്ചു.
