വിനിപെഗ്: മാനിറ്റോബയിലെ ക്രോസ് ലേക് ബാന്റിൽ വെടിവെപ്പ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി). രാത്രി ഏകദേശം 10 മണിയോടെ എഗ്ഗ് ലേക്കിനു സമീപം വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.
സംഭവസ്ഥലത്ത് തിരച്ചിൽ നടത്തിയ പൊലീസിന് ആക്രമണത്തിനിരയായ ആളെ കണ്ടെത്താനായില്ലെങ്കിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാല് കൗമാരക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 17 വയസ്സുള്ള ഒരാളും 15 വയസ്സുള്ള മൂന്ന് പേരുമാണ് പിടിയിലായത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളിലൊരാൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച സെമി-ഓട്ടോമാറ്റിക് തോക്ക് പൊലീസ് കണ്ടെടുക്കുകയും മറ്റ് പ്രതികളിൽ നിന്ന് തോക്കിന്റെ മാഗസിൻ, വെടിയുണ്ടകൾ, ക്രാക്ക് കൊക്കെയ്‌ൻ, പണം എന്നിവയും പിടിച്ചെടുത്തു.

തോക്ക്, മയക്കുമരുന്ന് കൈവശം വെച്ചതടക്കം നിരവധി കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നാല് പേരേയും ക്രോസ് ലേക് ആർസിഎംപി ഡിറ്റാച്ച്‌മെന്റിലേക്ക് മാറ്റി റിമാൻഡ് ചെയ്തതായാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെടിയേറ്റ നിലയിലുള്ള ഒരു പിക്കപ്പ് ട്രക്ക് കണ്ടെത്തിയെങ്കിലും സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നു.
