Friday, October 24, 2025

ട്രംപ് പിണങ്ങി; താരിഫ് വിവാദ പരസ്യം നിറുത്തുകയാണെന്ന് ഡഗ് ഫോർഡ്

ടൊറന്റോ: കാനഡയുമായുള്ള വ്യാപാര ചർച്ചകൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതിന്റെ പിന്നാലെ താരിഫ് സംബന്ധിച്ച യുഎസ് പരസ്യം താൽക്കാലികമായി നിറുത്തുകയാണെന്ന് പ്രീമിയർ ഡഗ് ഫോർഡ്. പ്രധാനമന്ത്രി മാർക് കാർണിയുമായി സംസാരിച്ചതിന് ശേഷം, തിങ്കളാഴ്ച മുതൽ പരസ്യം താൽക്കാലികമായി നിർത്തുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഫോർഡ് വ്യക്തമാക്കി. ഒന്റാരിയോ സർക്കാരിന്റെ താരിഫ് വിരുദ്ധ പരസ്യത്തെ തുടർന്ന് കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കക്കാർ ആഗ്രഹിക്കുന്ന രീതിയിലുള്ള സമ്പദ് വ്യവസ്ഥയെക്കുറിച്ചും ബിസിനസുകളിലും ജീവനക്കാരിലും താരിഫുകൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഒരു സംഭാഷണം തുടങ്ങിവയ്ക്കുക എന്നായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അക്കാര്യം ഫലം കണ്ടെന്നും ഫോർഡ് ചൂണ്ടിക്കാട്ടി. കാനഡയും യു.എസും അയൽക്കാരും സുഹൃത്തുക്കളും സഖ്യകക്ഷികളുമാണെന്നും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമ്മൾ വളരെ ശക്തരാണെന്നും ഇരുരാജ്യങ്ങളെയും കൂടുതൽ ശക്തവും സമ്പന്നവും സുരക്ഷിതവുമാക്കാനും ഒന്നിച്ച് പ്രവർത്തിക്കാമെന്നും ഫോർഡ് പറഞ്ഞു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കാനിരിക്കുന്ന ടൊറന്റോ ബ്ലൂ ജെയ്‌സും എൽ.എ. ഡോഡ്‌ജേഴ്‌സും ഉൾപ്പെടുന്ന ആദ്യ രണ്ട് വേൾഡ് സീരീസ് ഗെയിമുകളിലും പരസ്യം സംപ്രേഷണം ചെയ്യും. ന്യൂസ്മാക്‌സ്, ബ്ലൂംബെർഗ്, ഫോക്‌സ്, എൻബിസി, സിബിഎസ്, സിഎൻബിസി എന്നിവയുൾപ്പെടെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ വിവിധ വാർത്താ ഔട്ട്‌ലെറ്റുകളിൽ ഈ മാസം ആദ്യം സംപ്രേഷണം ചെയ്യാൻ തുടങ്ങിയ പരസ്യങ്ങൾക്കായി ഫോർഡ് സർക്കാർ ഇതുവരെ 75 മില്യൺ ഡോളർ ചെലവഴിച്ചു. 2026 ജനുവരി അവസാനം വരെ പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യാനായി ഷെഡ്യൂൾ ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!