ലണ്ടൻ: ബാൾട്ടിക് കടലിനടിയിലെ കേബിളുകൾ ലക്ഷ്യമിട്ടുള്ള അട്ടിമറി ശ്രമങ്ങൾ തടഞ്ഞ് നാറ്റോയുടെ സമുദ്ര നിരീക്ഷണ ദൗത്യം. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ദൗത്യം മേഖലയിലെ അന്തർവാഹിനി കേബിൾ ശൃംഖലകൾക്ക് ശക്തമായ സുരക്ഷാ ഒരുക്കിയതായി കമാൻഡർമാർ വ്യക്തമാക്കി. 2024 ഡിസംബറിൽ ഫിൻലൻഡ് ഉൾക്കടലിൽ നടന്ന കേബിൾ തകരാറുകൾക്ക് പിന്നാലെയാണ് നാറ്റോ ‘ബാൾട്ടിക് സെൻട്രി’ എന്ന പേരിലുള്ള പട്രോളിംഗ് ദൗത്യം ആരംഭിച്ചത്.
ദൗത്യം ആരംഭിച്ചതിന് ശേഷം മേഖലയിൽ ദുരുദ്ദേശപരമായ പ്രവർത്തനങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാറ്റോ സ്റ്റാൻഡിംഗ് ഗ്രൂപ്പ് ചീഫ് ഓഫ് സ്റ്റാഫ് ക്രെയ്ഗ് റേബേൺ സ്ഥിരീകരിച്ചു. എന്നാൽ കേബിളുകൾക്ക് നാശനഷ്ടമുണ്ടാക്കുന്നവർ നിയമപരമായി ശിക്ഷിക്കപ്പെടണമെന്ന് ഫ്ലീറ്റ് കമാൻഡർ ആർജൻ എസ്. വർണാർ കൂട്ടിച്ചേർത്തു.

റഷ്യൻ ഉപരോധം മറികടക്കാൻ ഉപയോഗിക്കുന്ന ഷാഡോ ഫ്ലീറ്റിന്റെ ഭാഗമായ ഈഗിൾ എസ് ടാങ്കർ കപ്പലിലെ ജീവനക്കാർക്കെതിരെ കേബിളുകൾ തകർത്ത കേസിൽ നേരത്തെ ആരോപണമുയർന്നിരുന്നു. അന്തർവാഹിനി പ്രതിരോധത്തിലും ഡ്രോൺ ആക്രമണങ്ങൾ നേരിടുന്നതിലും ഫിൻലൻഡിന്റെയും സ്വീഡന്റെയും വൈദഗ്ദ്ധ്യം നാറ്റോയുടെ പ്രതിരോധശേഷി വർദ്ധിപ്പിച്ചതായി വർണാർ കൂട്ടിച്ചേർത്തു.
