ഓട്ടവ: ലിബറൽ ഗവൺമെന്റ് അവതരിപ്പിച്ച ജാമ്യപരിഷ്‌കരണ നിയമത്തിൽ വിവാദങ്ങൾ തുടരവെ ജാമ്യം ലഭിക്കുന്നതിലെ ഹിയറിംഗ് ഒരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങാനുള്ള അവസരമല്ലെന്നും ഗുരുതര കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ പുതിയ നിയമപ്രകാരം നൽകുമെന്നും വ്യക്തമാക്കി കാനഡയിലെ നീതിന്യായ മന്ത്രി സിയൻ ഫ്രേസർ. വ്യാഴാഴ്ച രാവിലെ അവതരിപ്പിച്ച ബില്ലിൽ വാഹനമോഷണം, സംഘടിത കുറ്റകൃത്യങ്ങൾ, കൊള്ള, മോഷണം, അതിക്രമിച്ചു കടക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ജാമ്യം ലഭിക്കാൻ പ്രയാസമാകുംവിധമാണ് വകുപ്പുകൾ പുനർനിർവചിച്ചത്.

ക്രിമിനൽ കോഡിലെ വകുപ്പുകളിൽ കാര്യമായ മാറ്റങ്ങൾ തങ്ങളുണ്ടാക്കിയതെന്നും കുറ്റവാളിയായ ഒരാളുടെ മോചനം നിർബന്ധമാണെന്ന നിലയിൽ ജാമ്യത്തെ നോക്കിക്കാണുന്നില്ലെന്നും ഫ്രേസർ പറഞ്ഞു. 2024ൽ പോലീസ് റിപ്പോർട്ട് ചെയ്‌ത കുറ്റകൃത്യങ്ങളിൽ 4 ശതമാനം കുറവുണ്ടായതായി കണക്കുകൾ സൂചന നൽകുമ്പോൾ ഇത്തരം നിയമം നടപ്പിലാകുമ്പോൾ മാത്രമേ മെച്ചപ്പെട്ട നിലയിലേക്ക് എത്താൻ കഴിയുള്ളൂ എന്നാണ് കാനഡയുടെ അറ്റോർണി ജനറൽ കൂടിയായ ഫ്രേസറിൻ്റെ അഭിപ്രായം. തുടർച്ചയായ മൂന്നുവർഷങ്ങളിൽ കൂടിക്കൊണ്ടിരുന്ന കുറ്റകൃത്യങ്ങളാണ് ഇപ്പോൾ കുറഞ്ഞു വരുന്നതെന്ന യാഥാർത്ഥ്യം പരിഗണിക്കണം. കുറ്റവാളികൾ പുറത്തിറങ്ങിയശേഷം വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നു. എന്നാൽ അതനുസരിച്ചുള്ള ശിക്ഷ ലഭിക്കുന്നില്ല.
അതേ സമയം സർക്കാരിന്റെ പുതിയ നയത്തിൽ കടുത്തവിയോജിപ്പിലാണ് കനേഡിയൻ സിവിൽ ലിബർട്ടീസ് അസോസിയേഷൻ. ന്യായമായ ജാമ്യത്തിനുള്ള അവകാശം പോലും നിഷേധിക്കുകയാണെന്നാണ് വിമർശനം. എന്നാൽ പോലീസുമായും കമ്മ്യൂണിറ്റി നേതാക്കളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പരിഷ്‌കാരണമെന്നും സമൂഹത്തെ സുരക്ഷിതമായി നിലനിർത്തുക എന്നതിനായി പൊലീസിനും പ്രവിശ്യാ ഗവൺമെന്റിനും ഭരണസംവിധാനത്തിനും കൂടുതൽ ഇടപെടേണ്ടതുണ്ടെന്നും ഫ്രേസർ ചൂണ്ടിക്കാട്ടി.
