എഡ്മിന്റൻ : താരിഫ് വിരുദ്ധ പരസ്യ ക്യാംപെയ്ൻ അവസാനിപ്പിക്കാനുള്ള ഒന്റാരിയോയുടെ തീരുമാനം ശരിവച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. വിശ്വാസ്യതയോടെയുള്ള നയതന്ത്രമാണ് കാനഡ-യുഎസ് കരാർ ഉറപ്പാക്കാൻ ശരിയായ തന്ത്രമെന്നും, ഫോർഡിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും സ്മിത്ത് പറഞ്ഞു. ഊർജ്ജം പോലുള്ള പൊതു ലക്ഷ്യങ്ങളിൽ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഒന്റാരിയോയുടെ പരസ്യത്തെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, കാനഡയുമായുള്ള വ്യാപാര ചർച്ചകൾ റദ്ദാക്കിയിരുന്നു. മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ, താരിഫുകൾ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് പറയുന്ന ദൃശ്യങ്ങളാണ് പരസ്യത്തിൽ ഉണ്ടായിരുന്നത്. ഇത് റീഗന്റെ കാഴ്ചപ്പാടുകൾ തെറ്റായി അവതരിപ്പിച്ചുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ക്യാംപെയ്ൻ പിൻവലിക്കുകയാണെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു.

അതേസമയം, ഒന്റാരിയോ പിന്മാറരുതെന്നും ട്രംപിന്റെ പ്രതികരണം ക്യാംപെയ്ൻ ഫലപ്രദമാണെന്ന് സൂചിപ്പിക്കുന്നുവെന്നും സ്മിത്തിന്റെ നിലപാടിനെ എതിർത്ത, മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ അഭിപ്രായപ്പെട്ടു.
