ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപ്പിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ പുതിയ കണ്ടെത്തൽ. അപകടത്തിൽപ്പെട്ട ബസിൽ 234 സ്മാർട്ട്ഫോണുകളടങ്ങിയ ലഗേജുണ്ടായിരുന്നത് പൊട്ടിത്തെറിയുടെ ആഘാതം കൂട്ടിയതായാണ് തെളിഞ്ഞത്. തീപ്പിടിത്തത്തിന്റെ തീവ്രത വർധിക്കാൻ ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിച്ചത് കാരണമായെന്നാണ് ഫോറൻസിക് വിദഗ്ധരുടെ അന്വേഷണത്തിൽ തെളിഞ്ഞത്. 46 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലെ ഫ്ളിപ്കാർട്ട് ഗോഡൗണിലേക്ക് അയച്ചതായിരുന്നു. ബസിന് തീപ്പിടിച്ചതോടെ മൊബൈൽ ഫോണുകൾ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

ഇതിനൊപ്പം ബസിലെ എസി സംവിധാനത്തിലെ ബാറ്ററികളും പൊട്ടിത്തെറിച്ചതായും ഇതും തീപടരാൻ ഇടയാക്കിയതായും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ധന ചോർച്ചയാണ് തീപ്പിടിത്തത്തിന് പ്രധാന കാരണം. സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിച്ചതിന് പുറമെ, ബസിന്റെ എയർ കണ്ടീഷനിംഗ് സംവിധാനത്തിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പി. വെങ്കട്ടരാമൻ ചൂണ്ടിക്കാട്ടി. ചൂട് വളരെ കഠിനമായതിനാൽ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ ഉരുകിപ്പോയെന്ന് വെങ്കട്ടരാമൻ പറഞ്ഞു. ബസിന്റെ നിർമ്മാണത്തിൽ ഘടനാപരമായ പിഴവുകളും സംഭവിച്ചു. വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളികളാണ് ഉപയോഗിച്ചത്.
