വാഷിംഗ് ടൺ: രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും 2028 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും കമല ഹാരിസ്. രാഷ്ട്രീയം ഉപേക്ഷിക്കാൻ ഒരിക്കലും കഴിയില്ലെന്നും തന്റെ കരിയർ എന്നും സേവനപാതയിലായിരുന്നെന്നും അത് തന്നിൽ തന്നെ അലിഞ്ഞു ചേർന്നതാണെന്നും അവർ വ്യക്തമാക്കി. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് യു. എസ് വൈസ് പ്രസിഡൻ്റായിരുന്ന കമല ഹാരിസ് മനസു തുറന്നത്.
ഒരു ദിവസം താൻ പ്രസിഡന്റാകുമെന്ന ഉറപ്പ് പങ്കിട്ട അവർ ഒരു വനിത അധികം വൈകാതെ തന്നെ അമേരിക്കയുടെ കമാൻഡർ-ഇൻ-ചീഫ് ആകുമെന്നും പറഞ്ഞു.

ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക്, സേവനപ്രവർത്തനങ്ങൾക്കായി തൻ്റെ മുന്നിൽ നിരവധി മാർഗങ്ങളുണ്ടെന്നും ഇപ്പോൾ ചെയ്യുന്ന പ്രവർത്തനങ്ങളിലാണ് താൻ കൂടുതലായി ശ്രദ്ധിക്കുന്നതെന്നും ഭാവിയിൽ എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ബി.ബി.സിയുടെ ലോറ ക്യൂൻസ്ബെർഗുമായുള്ള അഭിമുഖത്തിനിടെ, വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിൽ അമേരിക്കക്കാർക്ക് ഇപ്പോഴും മടിയാണെന്ന് സൂചിപ്പിക്കുന്ന സമീപകാല അഭിപ്രായ വോട്ടെടുപ്പുകളെ കമല തള്ളിക്കളഞ്ഞു.
പോളിമാർക്കറ്റ് പോലുള്ള വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ 2028-ൽ ഹാരിസിന് ഡെമോക്രാറ്റിക് ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത 2 ശതമാനം അല്ലെങ്കിൽ 50-ൽ 1 എന്നാണ് സൂചിപ്പിക്കുന്നത്. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ഹോളിവുഡ് നടൻ ഡ്വെയ്ൻ ‘ദി റോക്ക്’ ജോൺസൺ തുടങ്ങിയവർ മത്സരിക്കുമ്പോൾ വിജയസാധ്യത യഥാക്രമം 36 ഉം 3 ഉം ശതമാനം ആണെന്നാണ് പ്രവചനക്കാരുടെ വാദം. ഇവരേക്കാൾ പിന്നിലാണ് കമല ഹാരിസിന്റെ സാധ്യത. അതേ സമയം താൻ ഇത്തരം പോളുകളൊന്നും ശ്രദ്ധിക്കാറില്ലെന്നും അവ ശ്രദ്ധിച്ചിരുന്നെങ്കിൽ, താൻ ആദ്യത്തെയും രണ്ടാമത്തെയും പദവികളിലേക്ക്ഒരിക്കലും മത്സരിക്കില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
