ഡബ്ലിന്‍ : ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കൊണോളി മുന്നേറുന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ 9 മണിക്ക് ആദ്യഘട്ട വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ 68 വയസ്സുള്ള കൊണോളി ലീഡ് ചെയ്യുന്നതായാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. യുവജനങ്ങളെ ആകർഷിച്ച, ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയുള്ള കൊണോളിക്ക്, അഭിപ്രായ സർവേകളും വൻ വിജയം പ്രവചിച്ചിരുന്നു. ഈ വിജയം നിലവിലെ മധ്യ-വലത് സർക്കാരിന് കനത്ത തിരിച്ചടിയാകും.

അതേസമയം, ഭരണകക്ഷിയായ ഫൈൻ ഗേൽ (Fine Gael) സ്ഥാനാർത്ഥി മുൻ കാബിനറ്റ് മന്ത്രി ഹീതർ ഹംഫ്രീസിന് ഭരണസഖ്യത്തോടുള്ള അതൃപ്തി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഭവന പ്രതിസന്ധി, ഉയർന്ന ജീവിതച്ചെലവ്, ഇടതുപക്ഷ പാർട്ടികളുടെ ഐക്യം, സോഷ്യൽ മീഡിയയുടെ ഫലപ്രദമായ ഉപയോഗം എന്നിവ കൊണോളിയെ ‘മാറ്റത്തിന്റെ പ്രതീക’മായി ഉയർത്തിക്കൊണ്ടുവന്നു. താഴ്ന്ന പോളിങും അസാധു വോട്ടുകളുടെ വർധനയും വോട്ടർമാരുടെ അതൃപ്തിയെ സൂചിപ്പിക്കുന്നു. വിജയമുറപ്പിച്ചാൽ, ഏഴുവർഷത്തെ കാലാവധിയിൽ ഐറിഷ് നിഷ്പക്ഷത സംരക്ഷിക്കാൻ താൻ ശ്രമിക്കുമെന്ന് കൊണോളി വ്യക്തമാക്കി. ഇസ്രയേലിൻ്റെ ഗാസയിലെ പ്രവർത്തനങ്ങളെ വിമർശിക്കുമെന്നും ഗാൽവേയിൽ നിന്നുള്ള പാർലമെന്റ് അംഗം കൂടിയായ അവർ കൂട്ടിച്ചേർത്തു. ഔദ്യോഗിക ഫലം ഇന്ന് വൈകുന്നേരത്തോടെ പുറത്തുവരും.
