മൺട്രിയോൾ : കെബെക്കിലെ ഡോക്ടർമാർക്ക് പുതിയ ശമ്പള സംവിധാനം അടിച്ചേൽപ്പിക്കാൻ ‘ഗാങ് ഓർഡർ’ വഴി പ്രത്യേക നിയമമായ ബിൽ 2 അവതരിപ്പിച്ച് ലെഗോൾട്ട് സർക്കാർ. സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാനും ഡോക്ടർമാരുടെ സമ്മർദ്ദ തന്ത്രങ്ങൾ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിയമം. ഇതുപ്രകാരം, കൂട്ടായി പ്രതിഷേധിക്കുകയോ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുന്ന ഡോക്ടർമാർക്ക് ഒരു ദിവസം 20,000 ഡോളർ വരെ പിഴയും അച്ചടക്ക നടപടികളും നേരിടേണ്ടിവരും. മെഡിക്കൽ ഫെഡറേഷനുകൾക്ക് ഒരു ദിവസം 5 ലക്ഷം ഡോളർ വരെ പിഴയും ഈടാക്കും.

പുതിയ ബിൽ പ്രകാരം, ഡോക്ടർമാരുടെ വരുമാനത്തിന്റെ 10% ഇനി മുതൽ പ്രകടന മികവ് വിലയിരുത്തിയായിരിക്കും. 65 വയസ്സിന് മുകളിലുള്ള ഡോക്ടർമാർക്ക് ഇതിൽ ഇളവ് ലഭിക്കും. എന്നാൽ, വിഭവങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ഡോക്ടർമാർ ഈ ലക്ഷ്യങ്ങളെ എതിർക്കുന്നു. നിയമത്തെ ‘സോവിയറ്റ് ഭരണത്തോട്’ ഉപമിച്ച മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഫെഡറേഷൻ ഓഫ് കെബെക്ക് (FMSQ) പ്രസിഡന്റ് ഡോ. വിൻസന്റ് ഒലിവ, നിയമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.
