സെന്റ് ജോൺസ് : ലൂയിസ്‌പോർട്ട്–ട്വില്ലിംഗേറ്റ് റൈഡിങിൽ റീകൗണ്ടിങ് വേണമെന്ന ആവശ്യവുമായി ലിബറൽ സ്ഥാനാർത്ഥി ഡെറക് ബെന്നറ്റ്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഡെറക് ബെന്നറ്റിന് നേരിയ വോട്ടുകൾക്ക് സീറ്റ് നഷ്ടമായിരുന്നു. 18 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റൈഡിങിൽ ബെന്നറ്റിനെതിരെ പ്രോഗ്രസീവ് കൺസർവേറ്റീവ് സ്ഥാനാർത്ഥി മാർക്ക് ബട്ട് വിജയം നേടിയത്. ഇത്രയും കുറഞ്ഞ ഭൂരിപക്ഷമായതിനാൽ വിശദമായ പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

വോട്ടെടുപ്പ് ദിവസം റൈഡിങ്ങിലുണ്ടായ മണിക്കൂറുകൾ നീണ്ട വൈദ്യുതി തടസ്സത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് ബെന്നറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. 10 വോട്ടിലോ അതിൽ താഴെയോ ഭൂരിപക്ഷമുള്ള റൈഡിങ്ങുകളിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നാണ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് നിയമം. ഒക്ടോബർ 14-ന് നടന്ന തിരഞ്ഞെടുപ്പിൽ, 40 സീറ്റുകളിൽ 21 എണ്ണം നേടി പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേരിയ ഭൂരിപക്ഷം ഉറപ്പിച്ചപ്പോൾ, ലിബറലുകൾക്ക് 15 സീറ്റുകളാണ് ലഭിച്ചത്.
