മൺട്രിയോൾ: കെബെക്കിൽ അതിവേഗത്തിൽ നഴ്‌സുമാർ ജോലി വിടുകയാണെന്ന് സർവെ. 2023 ൽ ജോലിക്ക് ചേർന്ന ഓരോ നൂറു നഴ്‌സുമാരുടെയും കണക്കെടുക്കുമ്പോൾ 35 വയസ്സിന് താഴെയുള്ള 37 നഴ്സുമാർ ജോലി ഉപേക്ഷിക്കുകയാണ്. മൺട്രിയോൾ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂ ട്ടിൻ്റെ (MEI) കണക്കുകളിലാണ് ഈ സൂചന. പ്രവിശ്യയിൽ ഇതിനകം തന്നെ നഴ്സുമാരുടെ എണ്ണത്തിൽ കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്.

നഴ്‌സുമാരുടെ കൊഴിഞ്ഞു പോക്ക് ആരോഗ്യമേഖലയിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇതിനകം തന്നെ പ്രതിസന്ധിയിലായ ആരോഗ്യ പരിചരണ മേഖലയിൽ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും MEI-യിലെ സാമ്പത്തിക വിദഗ്ദ്ധയായ ഇമ്മാനുവൽ ബി. ഫൗബർട്ട് പറഞ്ഞു. നീണ്ട ജോലിസമയം, വേണ്ടത്ര വിശ്രമമില്ലായ്മ തുടങ്ങിയവയാണ് നഴ്സുമാർ ജോലിയിൽ നിന്ന് പിന്മാറുന്നതിനുള്ള പ്രധാന കാരണമായി പഠനത്തിൽ പറയുന്നത്.
കനേഡിയൻ ഫെഡറേഷൻ ഓഫ് നഴ്സസ് യൂണിയൻസ് 2025-ൽ നടത്തിയ സർവേ പ്രകാരം, മോശം ജീവിതസാഹചര്യങ്ങൾ നഴ്സുമാരുടെ മാനസികാരോഗ്യത്തെയും മനോവീര്യത്തെയും ഗുരുതരമായി ബാധിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ കെബെക്കിൽ ജോലി ചെയ്യുന്ന മൂന്നിലൊന്ന് നഴ്സുമാരും അധികസമയം ജോലി ചെയ്തു. ഇവരിൽ പത്തിൽ ആറ് പേർക്ക് കഴിഞ്ഞ വർഷം ജോലിസ്ഥലത്ത് അക്രമമോ ദുരുപയോഗമോ നേരിടേണ്ടി വന്നിട്ടുണ്ട്. നാലിൽ ഒരാൾക്ക് ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നു പോകേണ്ടി വന്നു. വിദേശ നഴ്‌സുമാർക്ക് അംഗീകാരം കിട്ടാൻ വൈകുന്നതും ഗവൺമെൻ്റ് നയങ്ങളും നഴ്‌സുമാരുടെ ജീവിതത്തെ ഗുരുതരമായ നിലയിൽ ബാധിച്ചതായും സർവെ ചൂണ്ടിക്കാട്ടി.
