ക്വീൻസ്‌ലൻഡ് : ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ വീട്ടിൽ ഉണ്ടാക്കി വിൽപന നടത്തിയ ഭക്ഷണത്തിൽ എലിവിഷം കലർന്നതിനെത്തുടർന്ന് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ, എലിവിഷത്തിൽ കാണപ്പെടുന്ന ബ്രോഡിഫാകോം (Brodifacoum) എന്ന രാസവസ്തുവാണ് കണ്ടെത്തിയത്. വീട്ടിൽ നിർമ്മിച്ച് വിൽപന നടത്തിയ ‘കാപ്‌സിക്കം പേസ്റ്റ്’, ‘മാരിനേറ്റ് ചെയ്ത വഴുതനങ്ങ’ എന്നിവയിൽ വിഷാംശം കലർന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെത്തുടർന്ന്, വീട്ടിൽ ഉണ്ടാക്കി വിൽക്കുന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ ക്വീൻസ്‌ലൻഡ് സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിഷബാധയുടെ ഉറവിടം കണ്ടെത്താൻ ക്വീൻസ്‌ലാൻഡ് ഹെൽത്ത് അന്വേഷണം ഊർജ്ജിതമാക്കി. ലേബൽ ചെയ്യാത്ത ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിൽ എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്.
