മുംബൈ: ഇന്ത്യയിലെ മോണിറ്ററി അതോറിറ്റി, രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ പ്രതിക്കൂട്ടിലാക്കി നടത്തിയ കോപ്പിയടി ആരോപണത്തിന്റെ അമ്പരപ്പിലാണ് ബിസിനസ് ലോകം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ പ്രമുഖനാണ് എസ്.ബി.ഐയ്‌ക്കെതിരെ ഗവേഷണ പ്രബന്ധത്തിലെ കോപ്പിയടിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചത്. പ്രൊഫഷണൽ നെറ്റ്വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇനിൽ നടക്കുന്ന ഈ ഏറ്റുമുട്ടൽ ബിസിനസ് ലോകത്ത് അമ്പരപ്പിനൊപ്പം അസ്വസ്ഥതയും സൃഷ്ടിച്ചു.

എസ്.ബി.ഐയുടെ ഇക്കോറാപ്പ് പ്രസിദ്ധീകരണത്തിൽ സെൻട്രൽ ബാങ്കിന്റെ മോണിറ്ററി പോളിസി റിപ്പോർട്ടുകളിൽ (എം.പി.ആർ) നിന്നുള്ള ഭാഗങ്ങൾ അനുവാദമില്ലാതെ എസ്ബിഐയുടെ ഗവേഷണ സംഘം ‘പദാനുസരണം പകർത്തിയെന്നാണ് ആർ.ബി.ഐ മോണിറ്ററി പോളിസി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ജനറൽ മാനേജർ സാർത്തക് ഗുലാത്തിയാണ് ആരോപിച്ചത്. സമീപകാല എസ്ബിഐ ഇക്കോറാപ്പ് റിപ്പോർട്ടുകളിൽ ആർബിഐയുടെ അതേ വാക്കുകൾ തന്നെ ഒരു മാറ്റവുമില്ലാതെ ഉപയോഗിച്ചതായും ഗുലാത്തി കണ്ടെത്തി. 2025 ഏപ്രിൽ, ജൂലൈ, ഒക്‌ടോബർ എന്നീ ലക്കങ്ങളാണ് ഗുലാത്തി പ്രധാനമായും മുന്നോട്ട് വച്ചത്. ആർബിഐ ആക്ട് അനുസരിച്ച് പ്രസിദ്ധീകരിക്കുന്ന ആറ് മാസത്തെ റിപ്പോർട്ടാണ് എംപിആർ. അതേ സമയം ഇക്കാര്യത്തെക്കുറിച്ച് ആർ.ബി.ഐയുടെയും എസ്ബിഐയുടെയും വക്താക്കൾ മറുപടി നൽകിയില്ല.
