മൺട്രിയോൾ : കെബെക്കിന്റെ പുതിയ നിയമനിർമാണത്തിൽ പ്രതിഷേധിച്ച് പ്രവിശ്യ വിടാനൊരുങ്ങി നിരവധി ഡോക്ടർമാർ. പ്രവിശ്യ വിടുകയോ അല്ലെങ്കിൽ നേരത്തെ വിരമിക്കുകയോ ചെയ്യാനാണ് ആലോചനയെന്ന് ഡോക്ടർമാർ പറയുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ ഒറ്റപ്പെട്ടവയല്ലെന്ന് അസോസിയേഷൻ ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് ഓഫ് കെബെക്ക് അറിയിച്ചു. യുവ ഡോക്ടർമാർ പ്രവിശ്യ വിടാൻ ആലോചിക്കുമ്പോൾ മുതിർന്നവർ നേരത്തെ വിരമിക്കാൻ തീരുമാനിക്കുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. പാസ്കൽ റെനൗഡ് വ്യക്തമാക്കി.
അതേസമയം, ഈ അവസരം മുതലെടുത്ത് മറ്റ് കനേഡിയൻ പ്രവിശ്യകളായ ന്യൂബ്രൺസ്‌വിക്കും ഒന്റാരിയോയും കെബെക്കിലെ ഡോക്ടർമാരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. 200 ഫാമിലി ഡോക്ടർമാരെ വരെ ഓട്ടവയിൽ ആവശ്യമുണ്ടെന്നും, ഇത് കെബെക്കിന് ഗുരുതരമായ ഡോക്ടർമാരുടെ ക്ഷാമത്തിന് കാരണമാകുമെന്നും പാസ്കൽ റെനൗഡ് മുന്നറിയിപ്പ് നൽകി.

ആരോഗ്യമന്ത്രി ക്രിസ്റ്റ്യൻ ദുബെ കൊണ്ടുവന്ന നിയമനിർമാണം ഡോക്ടർമാരുടെ പ്രതിഫലം അവരുടെ പ്രകടനവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്. ഇതിനെതിരെയാണ് ഡോക്ടർമാർമാരുടെ പ്രതിഷേധം. ബിൽ ഉടൻ തന്നെ നിയമസഭയിൽ പാസാക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
