മൺട്രിയോൾ : ഡോക്ടർമാരുടെ വേതനം സംബന്ധിച്ച പുതിയ നിയമം (ബിൽ 2) പാസാക്കി കെബെക്ക് സർക്കാർ. പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് വിളിച്ചുചേർത്ത പ്രത്യേക സമ്മേളനത്തിലൂടെയാണ് ബിൽ പാസാക്കിയത്. പ്രവിശ്യയുടെ നയങ്ങളെ എതിർക്കാൻ ഡോക്ടർമാർ കൂട്ടായി ശ്രമിച്ചാൽ പ്രതിദിനം 5 ലക്ഷം ഡോളർ വരെ പിഴ ചുമത്താൻ ഇത് വഴി സാധിക്കും. കൂടാതെ, ഇതുപ്രകാരം, ഡോക്ടർമാർ ചികിത്സിക്കുന്ന രോഗികളുടെ എണ്ണവും പ്രവർത്തന മികവും അവരുടെ പ്രതിഫലവുമായി ബന്ധിപ്പിക്കപ്പെടും. ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ദുബെ അവതരിപ്പിച്ച ബിൽ 63-നെതിരെ 27 വോട്ടുകൾക്കാണ് പാസായത്.

അതേസമയം, ഈ നിയമം ‘അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം വിമർശിച്ചു. ആവശ്യമായ വിഭവങ്ങൾ ഇല്ലാതെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഡോക്ടർമാർക്ക് കഴിയില്ലെന്നാണ് ഫെഡറേഷനുകളുടെ നിലപാട്. ചർച്ചകൾ അവസാനിപ്പിച്ച് ബിൽ വേഗത്തിൽ പാസാക്കാൻ സർക്കാർ “ക്ലോഷർ” ഉപയോഗിച്ചതിലും പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. ഡോക്ടർമാരുടെ ഫെഡറേഷനുകൾ ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായും അറിയിച്ചിട്ടുണ്ട്.
