വാഷിങ്ടൺ: ചൈനയുമായുള്ള വ്യാപാര തീരുവ യുദ്ധം നിലനിൽക്കുന്നിതിനിടെ അഞ്ച് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിനായി പുറപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്താനും ട്രംപ് പദ്ധതിയിട്ടിട്ടുണ്ട്. ചൈന ഇതുവരെ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. യാത്രയ്ക്കിടെ ദോഹ വിമാനത്താവളത്തിൽ വച്ച് ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന അപെക് വ്യാപാര ഉച്ചകോടിയിൽ വെച്ചാണ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിട്ടുള്ളത്. നവംബർ 1 മുതൽ ചൈനീസ് ഉത്പന്നങ്ങൾക്ക് 155% തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി നിലനിൽക്കെ ഈ കൂടിക്കാഴ്ച നിർണായകമാകുമെന്നാണ് റിപ്പോർട്ട്. വ്യാപാര വിഷയങ്ങളിൽ ഇരു രാജ്യങ്ങളിലെയും ഉന്നതതല സംഘങ്ങൾ ചർച്ചകൾ നടത്തിയെങ്കിലും മുൻപ് നിലനിന്നിരുന്ന വ്യാപാര അന്തരീക്ഷത്തിലേക്ക് മടങ്ങിപ്പോകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജനുവരിയിൽ രണ്ടാം തവണ അധികാരത്തിലെത്തിയശേഷം ട്രംപ് നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണിത്.
