ന്യൂഡൽഹി: രാജ്യവ്യാപകമായി നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണ (എസ്.ഐ.ആർ) തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതിനായി തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു. ബീഹാറിൽ ഏറെ വിവാദമായിരുന്നു ഈ പരിഷ്‌കരണം. കേരളം പോലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിച്ചു നിർത്തിയാകും ആദ്യഘട്ട എസ്.ഐ.ആറിന്റെ തീയതി പ്രഖ്യാപിക്കുക. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ കേരളത്തിൽ എസ്.ഐ.ആർ നീട്ടണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെട്ടിരുന്നു.

2026-ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതുൾപ്പെടെ 10 മുതൽ 15 സംസ്ഥാനങ്ങൾ ആദ്യഘട്ടത്തിൽ ഉൾപ്പെടും. കേരളം, അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയാണ് അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ. എസ്.ഐ.ആർ മാർഗരേഖക്ക് അന്തിമ രൂപം നൽകുന്നതിനായി കമീഷൻ രണ്ടുതവണ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം വിളിച്ചിരുന്നു.
