ഫ്രെഡറിക്ടൺ : ന്യൂ ബ്രൺസ്‌വിക്കിലെ പ്രോഗ്രസീവ് കൺസർവേറ്റീവ് (ടോറി) പാർട്ടിക്ക് ഐക്യവും വ്യക്തമായ കൺസർവേറ്റീവ് സ്വത്വവും വേണമെന്ന് മുൻ പ്രീമിയർ ബ്ലെയ്ൻ ഹിഗ്‌സ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്റെ തോൽവിക്ക് കാരണം തന്നെ ഇഷ്ടമല്ലാത്ത 10% പേർ ലിബറലുകൾക്ക് വേണ്ടി പ്രവർത്തിച്ചതാണെന്നും, അവർ കൺസർവേറ്റീവുകളല്ലെന്നും അദ്ദേഹം വിമർശിച്ചു. ഹിഗ്‌സിന്റെ നേതൃത്വശൈലി മുൻപേതന്നെ വിമർശിക്കപ്പെട്ടിരുന്നു. സ്കൂളുകളിലെ ലിംഗ സ്വത്വത്തെക്കുറിച്ചുള്ള പോളിസി 713-ലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ആറ് മന്ത്രിമാർ പോലും അദ്ദേഹത്തിനെതിരെ തിരിഞ്ഞത് പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ലിബറലുകൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് പോളിസി 713 റദ്ദാക്കിയിരുന്നു. ഹിഗ്‌സിനെതിരെ തിരിഞ്ഞവരിൽ ഒരാളായ ഡാനിയൽ അല്ലെയ്ൻ ഇപ്പോൾ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. താൻ ‘സാമ്പത്തികമായി കൺസർവേറ്റീവും സാമൂഹികമായി പുരോഗമനവാദിയുമാണെ’ന്ന അല്ലെയ്ൻറെ നിലപാടിനെ ഹിഗ്‌സ് പരോക്ഷമായി എതിർത്തു. താൻ ഇനി നേതൃസ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും, കൊണ്ടുവന്ന നയങ്ങൾ റദ്ദാക്കുന്നത് കാണുന്നത് വേദനാജനകമാണെന്നും ഹിഗ്‌സ് കൂട്ടിച്ചേർത്തു.
