മുംബൈ: ആഭ്യന്തരവിപണിയിൽ പ്രതീക്ഷിച്ച നേട്ടം സ്വന്തമായില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് ഇരട്ടി സന്തോഷം നല്കി യു.എസ് ഓഹരി വിപണി. 72 ശതമാനം റിട്ടേണ്‍ ലഭിച്ചതാണ് അപ്രതീക്ഷിത സമ്മാനമായത്. യു.എസ് ഓഹരി വിപണി കുതിപ്പ് തുടര്‍ന്നതോടെ വിദേശത്ത് നിക്ഷപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് നേരത്തെ നിക്ഷേപിച്ചവർക്ക് നേട്ടമുണ്ടായത്. ഒരു വര്‍ഷത്തെ കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് ഈ അധികനേട്ടം. വിദേശ മൂച്വല്‍ ഫണ്ടുകളിലും ഫണ്ട് ഒഫ് ഫണ്ടുകളിലുമായാണ് (വിദഗ്ധര്‍ തിരഞ്ഞെടുത്ത മ്യൂച്ച്വല്‍ ഫണ്ടുകളിലോ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലോ നിക്ഷേപിക്കുന്ന സംവിധാനമാണ് ഫണ്ട് ഓഫ് ഫണ്ട്- എഫ്.ഒ.എഫ്) ഇന്ത്യക്കാർക്ക് കോളടിച്ചത്.

ഇതെല്ലാം കൂടെയാണ് 72 ശതമാനം റിട്ടേണിലെത്തിച്ചത്. ടെക്നോളജി, എ.ഐ, കമ്മോഡിറ്റീസ് തുടങ്ങിയ മേഖലയിലെ ഓഹരികള്‍ നടത്തിയ ശക്തമായ മുന്നേറ്റമാണ് ഇന്ത്യക്കാരെ ആകര്‍ഷിച്ചത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും നേട്ടമായി. ഇതോടെ അഞ്ച് ശതമാനം അധികലാഭം നേടാന്‍ കഴിഞ്ഞു. ആഭ്യന്തര പ്രശ്നങ്ങള്‍ കൂടുമ്പോഴും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴും യു.എസ് ഓഹരി വിപണിയില്‍ അപ്രതീക്ഷിത മുന്നേറ്റമാണുണ്ടായത്. വ്യാപാര കമ്മി കുറക്കാനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിപണിയുടെ കുതിപ്പ്.
