ഡബ്ലിൻ : ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായ കാതറിൻ കോണോളിക്ക് ചരിത്രവിജയം. സിൻ ഫെയിൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളുടെ പിന്തുണ നേടിയ 68 വയസ്സുള്ള കോണോളിക്ക് 63% വോട്ടുകൾ ലഭിച്ചു. മധ്യ-വലതുപക്ഷ എതിരാളിയായ ഹീതർ ഹംഫ്രിസിന് (ഫൈൻ ഗേൽ പാർട്ടി) 29% വോട്ടുകൾ മാത്രമാണ് നേടാനായത്. അയർലൻഡിന്റെ പത്താമത്തെ പ്രസിഡന്റും, ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയുമാണ് കോണോളി. സ്ഥാനമേറ്റ ശേഷം, രാജ്യത്തിന്റെ സൈനിക നിഷ്പക്ഷത നിലനിർത്തിക്കൊണ്ട്, വൈവിധ്യത്തെയും സമാധാനത്തെയും പിന്തുണയ്ക്കുന്ന പ്രസിഡന്റായി താൻ പ്രവർത്തിക്കുമെന്ന് ഡബ്ലിൻ കാസിലിൽ വെച്ച് അവർ പ്രഖ്യാപിച്ചു.

മുൻ ബാരിസ്റ്ററും നിയമസഭാംഗവുമായ കോണോളി, ഗാസയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. യൂറോപ്യൻ യൂണിയന്റെ വർധിച്ചുവരുന്ന സൈനികവൽക്കരണത്തിനെതിരെയും അവർ മുന്നറിയിപ്പ് നൽകി. പ്രത്യേക അധികാരങ്ങളില്ലാത്ത ആലങ്കാരിക പദവിയാണ് അയർലൻഡ് പ്രസിഡന്റിന്റേതെങ്കിലും, വിജയം അയർലൻഡ് രാഷ്ട്രീയത്തിലെ ഒരു പ്രധാന വഴിത്തിരിവായി ഇടതുപാർട്ടികൾ ആഘോഷിച്ചു. ഈ വിജയം അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മധ്യ-ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ലേബർ പാർട്ടി നേതാവ് ഇവാന ബാസിക് പറഞ്ഞു. 36 ലക്ഷം വോട്ടർമാരിൽ 46% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ തവണ അസാധുവായ ബാലറ്റുകളുടെ എണ്ണം (2,14,000) പത്തിരട്ടി വർധിച്ചത് വോട്ടർമാരുടെ അതൃപ്തിയെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
