വാഷിങ്ടൺ : പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും ‘മഹത്തായ മനുഷ്യർ’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷം താൻ വേഗത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. എട്ട് മാസത്തിനുള്ളിൽ തന്റെ ഭരണകൂടം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും, പാക്ക്-അഫ്ഗാൻ യുദ്ധവും വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തനിക്ക് ഇരു രാജ്യങ്ങളിലെയും നേതാക്കളെ നന്നായി അറിയുന്നതിനാൽ ഈ പുതിയ സംഘർഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മനോഹരമായി അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അത് മികച്ച കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘തന്റെ ഭരണകൂടം വെറും എട്ട് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചത് ചരിത്രത്തിൽ ആദ്യമായിരിക്കും’ എന്നും ട്രംപ് അവകാശപ്പെട്ടു.
