എഡ്മിന്റൻ : ആൽബർട്ട വിദ്യാഭ്യാസ മന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്‌സ് രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി അധ്യാപകരും രക്ഷിതാക്കളും. നോൺ-പ്രോഫിറ്റ് സംഘടനയായ പബ്ലിക് ഇൻ്ററസ്റ്റ് ആൽബർട്ടയുടെ (PIA) നേതൃത്വത്തിൽ ശനിയാഴ്ച നിക്കോളൈഡ്‌സിൻ്റെ റൈഡിങ്ങായ കാൽഗറി-ബോവിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. അധ്യാപകർക്ക് ന്യായമായ ഒത്തുതീർപ്പ് നൽകാൻ മന്ത്രിയിലും പ്രീമിയറിലും സമ്മർദ്ദം ചെലുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് PIA എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രാഡ്‌ലി ലഫോർച്യൂൺ അറിയിച്ചു. ഒക്ടോബർ 6-ന് ആരംഭിച്ച പ്രവിശ്യാവ്യാപകമായ സമരം 7.5 ലക്ഷം വിദ്യാർത്ഥികളെയും 51,000 അധ്യാപകരെയും ബാധിച്ചിട്ടുണ്ട്.

അതേസമയം, സർക്കാർ ചർച്ചകൾക്ക് തയ്യാറാകാത്തതിനാലാണ് സമരം തുടരുന്നതെന്ന് അധ്യാപകർ പറയുന്നു. നിക്കോളൈഡ്‌സിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് റീകോൾ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. ആൽബർട്ട പെൻഷൻ പ്ലാൻ, പൊലീസ് സേന, ആരോഗ്യ സംരക്ഷണം സ്വകാര്യവൽക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ ശബ്ദം സർക്കാർ ശ്രദ്ധിക്കുന്നില്ലെന്ന് പെറ്റീഷൻ ആരംഭിച്ച ജെനി യെറമിയെ വിമർശിച്ചു. അതേസമയം, സമരം അവസാനിപ്പിക്കുന്നതിനായി തിങ്കളാഴ്ച ‘ബാക്ക്-ടു-വർക്ക്’ നിയമം അവതരിപ്പിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചിട്ടുണ്ട്.
