ഓട്ടവ: കാനഡയ്ക്ക് മേല്‍ പുതിയ താരിഫ് ഏര്‍പ്പെടുത്താനുള്ള യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി. ട്രംപിന്റെ ഭാഗത്തുനിന്ന് പ്രധാനമന്ത്രിക്ക് നേരിട്ട് മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. മറ്റ് മാര്‍ഗങ്ങളിലൂടെ മുന്‍കൂര്‍ വിവരം ലഭിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച ശേഷം ട്രംപുമായി കാര്‍ണി സംസാരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി. അന്തരിച്ച യു എസ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് ഉള്‍പ്പെട്ട കാനഡയുടെ തീരുവാ വിരുദ്ധ പരസ്യത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 10 ശതമാനം കൂടി വര്‍ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

കാനഡയുടെ വ്യാജ പരസ്യ ക്യാമ്പയിന് കാരണം താന്‍ കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും അവസാനിപ്പിച്ചതായി ട്രംപ് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു. നിലപാട് കടുപ്പിച്ചതോടെ ട്രംപിന്റെ താരിഫ് നയത്തിനെതിരെ പ്രതിഷേധിക്കുന്ന പരസ്യം അടുത്ത ആഴ്ച സംപ്രേഷണം ചെയ്യില്ലെന്ന് ഒന്റാറിയോ പ്രവിശ്യയിലെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രാത്രി വേള്‍ഡ് സീരീസിനിടെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോയുടെ പരസ്യത്തില്‍, 1987- ല്‍ റീഗന് വ്യാപാരത്തെക്കുറിച്ച് നടത്തിയ ഒരു റേഡിയോ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ ഉയര്‍ന്ന തീരുവകള്‍ക്ക് വിദേശ ഇറക്കുമതിയില്‍ യു എസ് സമ്പദ്വ്യവസ്ഥയില് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉയര്‍ന്ന തീരുവകള്‍ വിദേശ രാജ്യങ്ങളുടെ പ്രതികാരത്തിനും കടുത്ത വ്യാപാര യുദ്ധങ്ങള്‍ക്കും തിരികൊളുത്തുന്നതിന് കാരണമാകുമെന്ന് റൊണാള്‍ഡ് റീഗന് പറയുന്നത് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
