നാഗ്പുര്‍: കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയില്‍ രണ്ടു വനിതാ ഓഫീസര്‍മാര്‍ ഇരിപ്പിടത്തിനായി മത്സരിക്കുന്ന വീഡിയോ വൈറല്‍. നിതിന്‍ ഗഡ്കരി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിക്കിടെയായിരുന്നു വേദിയിലെ ഇരിപ്പിടത്തിനായുള്ള വനിതാ പോസ്റ്റല്‍ ഓഫിസര്‍മാരുടെ തര്‍ക്കവും തള്ളലും. ഇരിപ്പിടം ക്രമീകരിച്ചതിനെക്കുറിച്ചും സ്വന്തം ഔദ്യോഗിക ചുമതലയെക്കുറിച്ചുമെല്ലാം വനിതാ ഉദ്യോഗസ്ഥര്‍ വാക്ക് പോരും നടത്തുന്നുണ്ട്.

നാഗ്പുര്‍ മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറലായ വനിതയും നിലവില്‍ ഡിവിഷന്റെ അധിക ചുമതല വഹിക്കുന്ന വനിതാ ഓഫിസറും തമ്മിലായിരുന്നു വേദിയിലെ പോര്. കര്‍ണാടകയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ആദ്യത്തെ ഓഫീസര്‍ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വാങ്ങി. ഇതാണ് ആര് കസേരയിലിരിക്കണം എന്ന വാക്ക് തര്‍ക്കമായി മാറിയത്. സീറ്റ് മാറാതിരുന്നപ്പോള്‍ ഇരുവരും തള്ളുന്നതും നുള്ളുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഈ ബഹളത്തിനിടയില്‍ ഗഡ്കരി അസ്വസ്ഥനാകുന്നതും കാണാം. അതേ സമയം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.
