പാരിസ്: ലോകത്തെ ഞെട്ടിച്ച പാരിസിലെ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചയില്‍ രണ്ടു പേര് പിടിയില്‍. പിടിയിലായ രണ്ടു പേരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം. വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ യാണ് ഒരാള്‍ കസ്റ്റഡിയിലായത്. കേസുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാരീസിലെ പ്രാന്തപ്രദേശമായ സീന്‍-സെന്റ്-ഡെനിസില്‍ നിന്നുള്ളവരാണ് ഇരുവരും. അള്‍ജീരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാരിസ് വിമാനത്താവളത്തില്‍ വച്ചാണ് ഒരാളെ പിടികൂടിയത്. അധികം വൈകാതെ രണ്ടാമത്തെ പ്രതിയേയും പിടികൂടി. ശനിയാഴ്ച വൈകുന്നേരമായിരുന്നു അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും മറ്റുപല മോഷണക്കേസുകളിലും പ്രതിയാണ്.

കഴിഞ്ഞ ഞായറാഴ്ച, പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തില്‍ കവര്‍ച്ച നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന് ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. മ്യൂസിയത്തിന്റെ തെക്കുകിഴക്കന്‍ വശത്തുള്ള റോഡില്‍ ട്രക്ക് നിര്‍ത്തി, അതിലുണ്ടായിരുന്ന യന്ത്രഗോവണി വഴി മോഷ്ടാക്കള്‍ മ്യൂസിയത്തിനുളളില്‍ കടന്നത്.
ആംഗിള്‍ ഗ്രൈന്‍ഡറുകള്‍ ഉപയോഗിച്ച് ഡിസ്പ്ലേ കേസുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. മോഷണത്തിനു പിന്നാലെ അപ്പോളോ ഗാലറിയുടെ ജനാലയിലും രണ്ടു ഡിസ്പ്ലേ ബോര്‍ഡുകളിലുമുണ്ടായിരുന്ന അലാം ശബ്ദമുണ്ടാക്കിയതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഏഴു മിനിറ്റിനിടെ ആയിരുന്നു വമ്പന്‍ കവര്‍ച്ച.
