ക്വാലാലംപുര്‍: നൃത്തം ചെയ്ത്, കൊടിയും വീശി ആസിയാന്‍ ഉച്ചകോടി കളറാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആസിയാന്‍ ഉച്ചകോടിക്ക് മലേഷ്യയിലെത്തിയ ട്രംപിന്റെ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ട്രംപിനൊപ്പം പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കൂടെ ചേര്‍ന്നു.
ക്വാലാലംപുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപിനെ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വാഗതം ചെയ്തത്. സൈനിക ബഹുമതികളോടെയുള്ള സ്വീകരണത്തിന് പിന്നാലെ മുന്നോട്ടുനീങ്ങിയ ട്രംപ് പരമ്പരാഗത മലേഷ്യന്‍ നര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ചുവടുവെക്കുന്നതാണ് പിന്നീട് കണ്ടത്.

ട്രംപ് നൃത്തം ചെയ്യുന്നത് കണ്ടതോടെ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കൂടെ ചേര്‍ന്നു. ഇരുവരും താളത്തിനനുസരിച്ച് കൈകള്‍ വീശുകയും നിറഞ്ഞ ചിരിയുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു. മാത്രമല്ല, കാണികളില്‍ നിന്ന് രണ്ട് കൊടികള്‍ വാങ്ങി വീശിയ ശേഷം ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു.
ആസിയാന്‍ ഉച്ചകോടിക്കിടെ മലേഷ്യയുമായി ഒരു ഉഭയകക്ഷി വ്യാപാര ഉടമ്പടിയിലും ട്രംപ് ഒപ്പുവയ്ക്കും. ഉച്ചകോടിക്കുശേഷം ട്രംപ് ജപ്പാനിലേക്ക് പോകും. അവിടെ വെച്ച് പുതിയ പ്രധാനമന്ത്രി സനേ തകൈഷിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന്, ദക്ഷിണ കൊറിയയില്‍ വെച്ച് ഷി ജിന്‍പിങ്ങുമായി ഉന്നതതല കൂടിക്കാഴ്ചയും നടത്തുമെന്നാണ് വിവരം. എന്നാല്‍ ചൈന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
