ഡല്‍ഹി: ‘ഡങ്കി റൂട്ടി’ലൂടെ അനധികൃതമായി കടന്ന 50 യുവാക്കളെ ഇന്ത്യയിലേക്ക് നാടുകടത്തി അമേരിക്ക. ഹരിയാന സ്വദേശികളായ ഇവര്‍ 14 മാസത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടിലെത്തി. 25നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ വലിയ തുക ഏജന്റുമാര്‍ക്ക് നല്‍കിയാണ് മെക്സിക്കോയിലെത്തിയത്. അവിടെ വച്ച് പൊലീസ് പിടിയിലായി. ഇവരില്‍ 16 പേര് കര്‍ണാല്‍ ജില്ലയില്‍ നിന്നും 14 പേര് കൈതലില്‍ നിന്നും അഞ്ച് പേര് കുരുക്ഷേത്രയില്‍ നിന്നുമുള്ളവരാണ്.

നിയമവിധേയമായി അമേരിക്കയില്‍ എത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതുകൊണ്ടാണ് വന്‍തുക നല്‍കിയതെന്ന് ഡല്‍ഹിയിലെത്തിയ ഇവര്‍ പറഞ്ഞു. വളരെയധികം ദുരനുഭവങ്ങള്‍ നേരിട്ടാണ് ഈ യുവാക്കള്‍ തടവുജീവിതം കഴിഞ്ഞ് നാട്ടിലെത്തിയത്. നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് ഇവരെല്ലാം പലരില്‍ നിന്നും കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റും പണം സംഘടിപ്പിച്ചത്. യു.എസ്, യു.കെ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെത്താന്‍ ആളുകള്‍ സ്വീകരിക്കുന്ന അപകടകരവും നിയമവിരുദ്ധവുമായ പാതയായ ‘ഡങ്കി’യിലൂടെയായിരുന്നു യാത്ര. യു.എസ്, യുകെ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ആളുകള്‍ സ്വീകരിക്കുന്ന അപകടകരവും നിയമവിരുദ്ധവുമായ പാതയാണ് ഡങ്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2025 ജനുവരി മുതല്‍ എട്ട് സൈനിക, ചാര്‍ട്ടര്‍, വാണിജ്യ വിമാനങ്ങളിലൂടെ ഏകദേശം 2,500 ഇന്ത്യന്‍ പൗരന്മാരെ യു.എസില്‍ നിന്ന് നാടുകടത്തി.
