ലണ്ടന്‍: വടക്കന്‍ ഇംഗ്ലണ്ടില്‍ 20 വയസ്സുള്ള യുവതിയെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ബലാത്സംഗം ചെയ്തു. ആക്രമിക്കപ്പെട്ട യുവതി ഇന്ത്യന്‍ വംശജയെന്നാണ് സൂചന. ബ്രിട്ടീഷ് പൗരനായ പ്രതിയെ കണ്ടെത്താന്‍ യുകെ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായം തേടി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ എത്രയും വേഗം കൈമാറണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. 30 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളയാളാണ് പ്രതിയെന്നാണ് നിഗമനം. ചെറിയ മുടിയുള്ള ഇയാള്‍ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. സംഭവം നടന്ന സമയത്ത് ഇതുവഴി പോയ കാറുകളില്‍ സ്ഥാപിച്ച ഡാഷ്കാം ദൃശ്യങ്ങളില്‍ ഇത്തരത്തിലുള്ള ആളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നു.

വംശീയവിദ്വേഷത്തെ തുടര്‍ന്നുള്ള ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസ് വിശേഷിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോണന്‍ ടയര്‍ പറഞ്ഞു. സിഖ് യുവതിക്ക് നേരെ വംശീയ വിദ്വേഷത്തോടെ നടന്ന ബലാത്സംഗത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പുതിയ ആക്രമണം.
