ബെര്‍ലിന്‍: അല്‍ബേനിയന്‍ മന്ത്രിസഭയിലെ എഐ മന്ത്രിക്ക് ‘വിശേഷമു’ ണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ കൗതുകമാകുന്നത്. ‘ഡിയേല’ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി എഡി റാമ. 83 കുട്ടികളാണെന്നും എഡി റാമ അറിയിച്ചു. 2026 അവസാനത്തോടെ എഐ കുട്ടികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാമ പറഞ്ഞു.
സംഭവം മറ്റൊന്നുമല്ല സോഷ്യലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റിലെ ഓരോ അംഗത്തിനും ഒരു സഹായി എന്ന നിലയില്‍ ’83 കുട്ടികളെ’ സൃഷ്ടിക്കാനുള്ള പദ്ധതികളാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ സംസാരിക്കവെയാണ് എഡി റാമ ഈ പ്രഖ്യാപനം നടത്തിയത്. ഈ കുട്ടികള്‍ക്കെല്ലാം അവരുടെ അമ്മയുടെ അറിവുണ്ടാകുമെന്നും എഡി വിശദീകരിച്ചു.
എഐ അസിസ്റ്റന്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും എഡി വിശദീകരിച്ചു. അവര്‍ പാര്‍ലമെന്റ് സെഷനുകളില്‍ പങ്കെടുക്കുകയും അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഉദാഹരണത്തിന് നിങ്ങള്‍ കാപ്പി കുടിക്കാന്‍ പോയി ജോലിക്ക് തിരികെ എത്തുമ്പോള്‍ ആ സമയം നടന്ന കാര്യങ്ങള്‍ ഈ കുട്ടി പറയും. നിങ്ങള്‍ ആരെയാണ് വിമര്‍ശിക്കേണ്ടതെന്നും അവര്‍ പറഞ്ഞു തരും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ബേനിയയുടെ പൊതു സംഭരണ സംവിധാനം പൂര്‍ണ്ണമായും സുതാര്യവും അഴിമതി രഹിതവുമാക്കുന്നതിനായാണ് സെപ്റ്റംബറില്‍ സൂര്യന്‍ എന്നര്‍ത്ഥം വരുന്ന ഡിയേലയെ അവതരിപ്പിച്ചത്. മന്ത്രിയെന്ന നിലയില്‍ സുപ്രധാന ചുമതലകളാണ് സര്‍ക്കാര്‍ ഡിയേലക്ക് നല്‍കിയത്. സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന എല്ലാ ടെന്‍ഡറുകളും ചെലവുകളും കമ്പനികളുടെ യോഗ്യതയും ഡിയേലയാണ് പരിശോധിക്കുന്നത്.
