എഡ്മിന്‍റൻ : ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി നിരവധി നറുക്കെടുപ്പുകൾ നടത്തി. ഈ നറുക്കെടുപ്പുകളിലൂടെ ഒക്ടോബർ 8 മുതൽ ഒക്ടോബർ 21 വരെ, മൊത്തം 202 അപേക്ഷകർക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. പ്രവിശ്യയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഒക്ടോബർ 21 ന് ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത് വേ വഴിയാണ് ഏറ്റവും കൂടുതൽ അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്.

2025 ൽ എഎഐപി ആകെ 69 നറുക്കെടുപ്പുകൾ നടത്തി. ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത് വേ, പ്രയോറിറ്റി സെക്ടറുകൾ (ഏവിയേഷൻ), ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത് വേ തുടങ്ങിയവ വഴിയാണ് ഭൂരിപക്ഷം നറുക്കെടുപ്പുകളും നടന്നത്. 2025-ൽ, AAIP ആകെ 4,875 നോമിനേഷൻ വിഹിതമാണ് ലഭിച്ചത്. സെപ്റ്റംബറിൽ, ഫെഡറൽ ഗവൺമെൻ്റ് പ്രവിശ്യയ്ക്ക് 1,528 നോമിനേഷനുകൾ കൂടി അനുവദിച്ചു. ഇതോടെ ആൽബർട്ടയുടെ ആകെ നോമിനേഷൻ സ്‌പേസുകളുടെ എണ്ണം 6,403 ആയി. ഈ വർഷം ഇതുവരെ നടന്ന 69 നറുക്കെടുപ്പിലൂടെ ആൽബർട്ട ആകെ 4,689 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
