ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ‘മൊന്ത’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയുമുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി. തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. വിജയവാഡ, രാജമുന്‍ഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളിലുള്ള സര്‍വീസുകളാണിത്.

അതേ സമയം തന്നെ കാലാവസ്ഥ മോശമാകുമെന്ന സൂചനയുള്ളതിനാല്‍ ഇന്നത്തെ എല്ലാ എല്ലാ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയര്‍പോര്‍ട്ട് അധികൃതരും അറിയിച്ചു. കാറ്റ് നാശം വിതക്കുമെന്ന സൂചനയുള്ളതിനാല്‍ ചെന്നൈയിലെ സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
ഇന്നു രാത്രിയോടെ ആന്ധ്രയില്‍ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ ചുഴലി കര തൊടുമെന്നാണ് സൂചനകള്‍. 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. ചെന്നൈയിലും ഒഡിഷയിലും ബംഗാളിലും ശക്തമായ മഴയുണ്ട്.
