ക്വാലലംപുര്‍ : പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ പസഫിക് എക്കണോമിക് കോ-ഓപ്പറേഷൻ (APEC) ഫോറത്തിനിടെയാണ് ഇരുവരും തമ്മിലുള്ള ചർച്ച. ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള വർഷങ്ങൾക്കിടെ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. കൂടാതെ, ബന്ധങ്ങളിലെ കാര്യമായ മഞ്ഞുരുകലിനും ചർച്ച വഴിയൊരുക്കിയേക്കും. കാനഡയും ചൈനയും തമ്മിലുള്ള നിലവിലെ വ്യാപാര തർക്കം ലഘൂകരിക്കുന്നതിനായി കൂടിക്കാഴ്ച നടത്തണമെന്ന് കനേഡിയൻ പ്രീമിയർമാരും ബിസിനസ് നേതാക്കളും കാർണിയോട് അഭ്യർത്ഥിച്ചിരുന്നു.

അതേസമയം, ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററികൾക്കുമുള്ള കാനഡയുടെ താരിഫുകൾക്ക് തിരിച്ചടിയായി കനേഡിയൻ കനോല, സമുദ്രോത്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ചൈന കനത്ത താരിഫുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിപുലമായ വ്യാപാരബന്ധങ്ങളും പുതിയ വ്യാപാര പങ്കാളികളെയും തേടിയുള്ള ആദ്യ ഏഷ്യൻ പര്യടനത്തിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഇപ്പോൾ.
