കെബെക്ക് സിറ്റി: ആരോഗ്യമന്ത്രി ക്രിസ്റ്റ്യൻ ദുബെയ്ക്കെതിരെ കടുത്ത വിമർശനവുമായി നഴ്സസ് യൂണിയൻ രംഗത്ത്. ഡോക്ടർമാരുടെ വേതന നിയമത്തിലെ തിരിച്ചടികൾക്ക് പരിഹാരമായി മന്ത്രി എസ്എൻപികളെ പകരക്കാരായി ഉപയോഗിക്കാൻ ശ്രമിക്കുന്നവെന്നാണ് ആരോപണം. ഡോക്ടർമാർക്ക് പകരക്കാരായി സ്പെഷ്യലൈസ്ഡ് നഴ്സ് പ്രാക്ടീഷണർമാരെ (എസ്എൻപി) അവതരിപ്പിക്കുന്നുവെന്ന ആരോപണമുന്നയിച്ചാണ് സംഘടന സംഘം എഫ്ഐക്യുവിന്റെ പ്രതിഷേധം.
കെബെക്ക് സർക്കാർ എസ്എൻപി തസ്തികകളുടെ എണ്ണം വെട്ടിക്കുറച്ചതിനാൽ പരിശീലനം പൂർത്തിയാക്കിയ നിരവധി ആളുകൾ തൊഴിൽരഹിതരാണ്. മൺട്രിയോൾ, മോണ്ടെറെജി പോലുള്ള പ്രദേശങ്ങളിൽ മാനസികാരോഗ്യത്തിൽ ബിരുദമെടുത്ത എസ്എൻപികൾക്ക് പോലും നിലവിൽ തസ്തികകളില്ലാതിരിക്കെ മന്ത്രിയുടെ വാക്കുകളും അദ്ദേഹത്തിൻ്റെ ഭരണപരമായ തീരുമാനങ്ങളും തമ്മിലുള്ള വൈരുദ്ധ്യവും ചൂണ്ടിക്കാട്ടിയാണ് യൂണിയൻ രംഗത്ത് വന്നിരിക്കുന്നത്.

എസ്എൻപികൾ താൽക്കാലിക പ്രശ്നങ്ങൾ നികത്താനുള്ളവരല്ലെന്നും അവർക്ക് സ്വന്തമായ വൈദഗ്ദ്ധ്യമുണ്ടെന്നും എഫ്ഐക്യു പ്രസിഡൻ്റ് ജൂലി ബൗച്ചാർഡ് പ്രസ്താവിച്ചു. ഡയഗ്നോസിസ് നടത്താനും ചികിത്സകൾ നിർദ്ദേശിക്കാനും കഴിവുള്ള എസ്എൻപികൾ ഡോക്ടർമാരുമായി ചേർന്ന് ആരോഗ്യ സംവിധാനത്തിൽ പൂരകമായ പങ്കാണ് വഹിക്കുന്നതെന്നും അവരുടെ പങ്ക് ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാവിയാണെന്നും നഴ്സസ് യൂണിയൻ അവകാശപ്പെട്ടു. ഇത് ഫലപ്രദമാക്കുന്നതിനെപ്പറ്റി കൂടുതൽ ചർച്ചകൾക്ക് സർക്കാർ തയ്യാറാകണമെന്ന് എഫ്ഐക്യു ആവശ്യപ്പെട്ടു.
