തിരുവനന്തപുരം : വ്യാജ വെബ്സൈറ്റുകൾ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. വളരെ കുറഞ്ഞ വിലയ്ക്ക് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളോട് സാദൃശ്യമുള്ള വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി സോഷ്യൽ മീഡിയ പരസ്യങ്ങൾ, വാട്ട്‌സ്ആപ്പ്, ഇ-മെയിൽ ലിങ്കുകൾ എന്നിവ വഴി ആളുകളെ ആകർഷിക്കുന്നു. ഇത്തരം വ്യാജ സൈറ്റുകളിൽ പണം നൽകുന്നവർക്ക് സാധനം ലഭിക്കാതെ പണം നഷ്ടമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തട്ടിപ്പിനെതിരെയുള്ള ജാഗ്രതാ നിർദേശം.

പൊലീസ് പറയുന്നതനുസരിച്ച്, ഇപ്പോൾ കണ്ടുവരുന്ന പ്രധാന സൈബർ തട്ടിപ്പാണ് ടൈപോസ്‌ക്വോട്ടിങ്. അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വിലാസത്തിൽ ഒരക്ഷരം തെറ്റിച്ച് നൽകി, ഉപയോക്താക്കളെ വ്യാജ സൈറ്റുകളിലേക്ക് എത്തിക്കുന്ന രീതിയാണിത്. ഒറിജിനൽ വെബ്സൈറ്റിന്റെ ലോഗോ, ലേഔട്ട്, ഉള്ളടക്കം എന്നിവയെല്ലാം ഈ വ്യാജ വെബ്സൈറ്റുകളിൽ ഉണ്ടാകും. ‘.com’ എന്നതിനു പകരം ‘.org’ പോലുള്ള അഡ്രസ് എക്സ്റ്റെൻഷനുകൾ മാറ്റിയും തട്ടിപ്പ് നടത്താറുണ്ട്. ഈ വ്യാജ വെബ്സൈറ്റുകളിൽ ബാങ്കിങ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, ലോഗിൻ വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ നൽകിയാൽ, അത് സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശ്രദ്ധിക്കുക;
📌 തെറ്റായ വെബ് സൈറ്റിലേക്കാണ് പ്രവേശിച്ചത് എന്ന് മനസ്സിലായാൽ ബ്രൗസർ ക്ലോസ് ചെയ്ത് കുക്കീസ് ക്ലിയർ ചെയ്യുക.
📌വെബ്സൈറ്റിന്റെ പേര് ടൈപ്പു ചെയ്ത ശേഷം എന്തെങ്കിലും പന്തികേടു തോന്നിയാൽ വീണ്ടും പരിശോധിക്കുക.
📌URL ഹൈജാക്കിങ് പ്രതിരോധം ഉള്ള ബ്രൗസറുകൾ ഉപയോഗിക്കുക.
📌പല ബ്രൗസറുകൾക്കും ടൈപോസ്‌ക്വോടിങ്ങിനെതിരെയുള്ള വെബ് എക്സ്റ്റെൻഷനുകൾ ലഭിക്കും. അവ പ്രയോജനപ്പെടുത്താം.
തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണെന്നും തട്ടിപ്പിന് ഇരയായവർ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
