ടൊറന്റോ: അൽഷിമേഴ്‌സ് രോഗവ്യാപനം ഫലപ്രദമായി തടയുന്ന മരുന്നിന് ഹെൽത്ത് കാനഡയുടെ അംഗീകാരം. രോഗത്തിന്റെ അടിസ്ഥാന കാരണമായി കരുതുന്ന തലച്ചോറിലെ അമ്‌ലോയിഡ് പ്ലാക്ക് അടിഞ്ഞുകൂടുന്നത് പ്രതിരോധിക്കുന്ന ലെകനെമാബ് എന്ന മരുന്നാണിത്. അൽഷിമേഴ്‌സിൻ്റെ പ്രാരംഭഘട്ടങ്ങളിൽ ഇത് ഏറെ പ്രയോജനപ്പെടും. ലെകെംബി എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന മരുന്നിൻ്റെ അംഗീകാരത്തിനായി രോഗികളും അവരുടെ കുടുംബങ്ങളും കാത്തിരിക്കുകയാണെന്ന് ഒൻ്റാരിയോയിലെ
അൽഷിമേർ സൊസൈറ്റിയുടെ വക്താവ് ആദം മോറിസൺ പറഞ്ഞു.

അർഹതയുള്ള എല്ലാ രോഗികൾക്കും ഇത് കഴിക്കാൻ കഴിയുന്ന തരത്തിൽ മരുന്ന് വേഗത്തിൽ വിപണിയിലെത്തിക്കാനും ധനസഹായം നൽകാനും അൽഷിമേർ സൊസൈറ്റികൾ കാനഡയിലെ ഡ്രഗ് ഏജൻസിയോടും പ്രവിശ്യാ സർക്കാരുകളോടും ആവശ്യപ്പെടുമെന്നും മോറിസൺ പറഞ്ഞു. മറ്റുരാജ്യങ്ങളിൽ ഇതിന് പ്രതിവർഷം 26,000 യു.എസ് ഡോളർ ആണ് ചെലവ് വരുന്നത്. 2023-ൽ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതിന് അംഗീകാരം നൽകിയിരുന്നു. മരുന്ന് ഉപയോഗിക്കുമ്പോൾ തലച്ചോറിൽ വീക്കമോ, രക്തസ്രാവമോ ചിലപ്പോൾ ഉണ്ടാകാമെന്നാണ് വിദഗ്‌ദധർ പറയുന്നത്. എങ്കിലും എംആർഐ സ്കാനുകളിൽ പ്രശ്‌നം മനസിലാകുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഓട്ടവയിലെ ബ്രൂയേർ മെമ്മറി പ്രോഗ്രാമിന്റെ കോഗ്നിറ്റീവ് ന്യൂറോളജിസ്റ്റും മെഡിക്കൽ ഡയറക്ടറുമായ ഡോ. ആൻഡ്രൂ ഫ്രാങ്ക് പറഞ്ഞു.
