ടോക്കിയോ: മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു. 45 കാരനായ പ്രതിയായ തെത്സുയ യമാഗാമിയാണ് ടോക്കിയോയിലെ കോടതിയില്‍ സംഭവിച്ചതെല്ലാം സത്യമാണെന്ന് പറഞ്ഞത്. ആയുധ നിയന്ത്രണ നിയമ ലംഘനത്തിനുള്‍പ്പെടെ വിവിധ കുറ്റങ്ങൾക്ക് വിചാരണ നേരിടുന്ന യമാഗാമി 2022 ല്‍ പടിഞ്ഞാറന്‍ നഗരമായ നാരയില്‍ നടന്ന ഒരു രാഷ്ട്രീയ പ്രചാരണ പരിപാടിക്കിടെയാണ് വീട്ടില്‍ നിര്‍മ്മിച്ച തോക്ക് ഉപയോഗിച്ച് ആബയെ വെടിവച്ചത്. വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വെടിയേറ്റതിനുപിന്നാലെ ആബെയ്ക്കു ഹൃദയാഘാതമുണ്ടാകുകയും ശ്വാസതടസം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്‌തു. എയര്‍ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ആബെയുടെ ജീവൻ പൊലിഞ്ഞിരുന്നു.

യമാഗാമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആറുമാസത്തെ മാനസികനില പരിശോധനയ്ക്കും വിധേയനാക്കി. താന്‍ വെറുക്കുന്ന ഒരു മതവിഭാഗവുമായി ആബെയ്ക്ക് വ്യക്തമായ ബന്ധമുള്ളതിനാലും ജപ്പാനിലെ ഏറ്റവും സ്വാധീനമുള്ളതും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയനേതാക്കളില്‍ ഒരാളായതിനാലുമാണ് ആബയെ താന്‍ കൊന്നതെന്നായിരുന്നു യമാഗാമി പറഞ്ഞത്.
